സൗദി: സൗദിയിലെ തെക്കൻ പ്രവിശ്യയിലെ നജ്റാൻ മേഖലയിൽ അപകടം. കെട്ടിടം തകർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, രണ്ട് പേർ മരിച്ചു. ഹബൂന ഗവർണറേറ്റ് പരിധിയിൽ വരുന്ന മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മർകസ് ഹദാരി പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കുര തകർന്ന് വീണത്.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നിലഗുരുതരമാണ്. കെട്ടിടം തകർന്ന ഉടൻ തന്നെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിവിൽ ഡിഫൻസും റെഡ് ക്രസൻറും സ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതിനിടെ ഇന്നലെ സൗദിയിൽ ശക്തമായ കാറ്റ് വീശിയടിച്ച് മരം കടപുഴകി വീണു. സൗദി തെക്കൻ പ്രവിശ്യയിൽ ഖമീസ് മുശൈത്തിലാണ് മരങ്ങൾ കടപുഴകി വീണത്. വാഹനങ്ങൾ തകർന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായ മഴയാണ് ഈ പ്രദേശത്ത് പെയ്യുന്നത്. ഇടിയും മിന്നലും കനത്ത കാറ്റുമാണ് മേഖലയിലുണ്ടാകുന്നത്. യുക്കാലിപ്റ്റസ് മരം ആണ് കാറ്റിൽ കടപുഴകി വീണത്. മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. ആളപായമില്ല.
സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചത്. മക്ക മേഖലയിലെ തായിഫ്, മെയ്സാന്‍, അദം, അല്‍-അര്‍ദിയാത്ത്, അല്‍-കാമില്‍, എന്നീ സ്ഥലങ്ങൾ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ അസീര്‍, അല്‍-ബഹ, ജിസാന്‍ എന്നീ പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിനുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.
മദീന, തബൂക്ക്, നജ്റാന്‍ എന്നീ പ്രദേശങ്ങളിൽ കാറ്റിന് സാധ്യതയുണ്ട്. പൊടിപടലങ്ങൾ നിറഞ്ഞ കാറ്റായിരിക്കും വീഴുന്നത്. കാറ്റിനൊപ്പം നേരിയതോ ഇടത്തരമോ ആയ മഴപെയ്യും. റിയാദ് മേഖലിലെ ഹൗതത്ത് ബനി തമീം, അല്‍-അഫ്ലാജ്, അസ് സുലൈയില്‍, അല്‍-ഖര്‍ജ്, അല്‍ ഹാരിഖ്, അല്‍-ഷര്‍ഖിയ മേഖലകളില്‍ മഴയുണ്ടാകും. പൊടിപടലങ്ങൾ നിറഞ്ഞ കാറ്റും ഉണ്ടായിരിക്കും. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.