Gulf

ബൈക്ക് ഡെലിവറി ജോലി സൗദികള്‍ക്ക് മാത്രം; ഘട്ടംഘട്ടമായി നടപ്പാക്കും

Published

on

റിയാദ്: ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി പൗരന്‍മാര്‍ക്ക് മാത്രമാക്കുന്നു. ഹോം ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിദേശികളെ വിലക്കുന്ന നിയമം 14 മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്നത് സംബന്ധിച്ച് സൗദി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

മോട്ടോര്‍ സൈക്കിളുകളില്‍ ഡെലിവെറി സേവനം നടത്തുന്ന ജീവനക്കാര്‍ യൂണിഫോം ധരിക്കണമെന്ന് അതോറിറ്റി നിര്‍ദേശിക്കുന്നു. വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നും സ്വദേശികള്‍ക്ക് ഇഷ്ടാനുസരണം വസ്ത്രം ധരിക്കാമെന്നും അറിയിപ്പിലുണ്ട്.

ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവര്‍മാര്‍ക്കായി ഫെയ്സ് വെരിഫിക്കേഷന്‍ ഫീച്ചര്‍ സജീവമാക്കാന്‍ ഡെലിവെറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ നിര്‍ബന്ധിക്കും.

ഹോം ഡെലിവറി ജോലിയില്‍ നിന്ന് വിദേശികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അല്‍ മദീന ദിനപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സൗദി എഴുത്തുകാരന്‍ മുഹമ്മദ് അല്‍ മിര്‍വാനിയാണ് ഈ ആവശ്യമുന്നയിച്ചത്. വീടുകളില്‍ വിദേശ യുവാക്കള്‍ കയറിച്ചെല്ലുന്നത് സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നുവെന്നും സ്വകാര്യത നഷ്ടപ്പെടാന്‍ ഇടയാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണിത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മടി ഒഴിവാക്കാന്‍ ഹോം ഡെലിവറി ബിസിനസ് നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സ്വദേശിവത്കരണ നടപടികള്‍ ശക്തമായി തുടരുന്നതിനിടെയാണ് ഹോം ഡെലിവറി ബിസിനസ് രംഗത്ത് വിദേശികളെ പൂര്‍ണമായും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുന്നത്. എന്‍ജിനീയറിങ് മേഖലയില്‍ ജൂലൈ 21 മുതല്‍ സൗദിവത്കരണം ആരംഭിക്കുകയാണ്. എണ്ണായിരത്തിലധികം സ്വദേശികള്‍ക്ക് ഇതിലൂടെ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധമായി 8000 തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാക്കാനാകുമെന്നും കരുതുന്നു.

എന്‍ജിനീയറിങ് മേഖലയില്‍ പഴുതകളടച്ച് സൗദിവത്കരണം നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്ത് എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരും സ്പെഷ്യലിസ്റ്റുകളുമായി 4,48,528 പേരുണ്ടെന്നാണ് സൗദി എന്‍ജിനീയറിങ് കൗണ്‍സിലിന്റെ കണക്ക്. കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത 3,267 എന്‍ജിനീയറിങ് ഓഫീസുകളും 1,123 എന്‍ജിനീയറിങ് കമ്പനികളും ഉള്‍പ്പെടെ 4,390 സ്ഥാപനങ്ങളാണുള്ളത്. കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്ത മൊത്തം എന്‍ജിനീയര്‍മാരിലും സാങ്കേതിക വിദഗ്ധരിലും 34.17 ശതമാനം സൗദികളാണ്.

സ്വകാര്യ മേഖലയില്‍ 25 ശതമാനം എന്‍ജിനീയറിങ് പ്രൊഫഷനുകളാണ് സ്വദേശിവല്‍കരിക്കുന്നത്. എന്‍ജിനീയറിങ് ജോലികളില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. തൊഴില്‍ വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version