ഒമാൻ: ഒമാനെയും യുഎഇയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി ടെൻഡറിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെൻഡറിന് താൽപര്യമുള്ള കരാറുകാർ ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും ഉള്ളതായി തെളിയിക്കുന്ന രേഖകളുമായി എത്തണം.
സമീപകാലത്ത് നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചുള്ള വിവരണവും നൽകണം. റെയിൽ ചരക്ക് സൗകര്യങ്ങൾ, റെയിൽ പാസഞ്ചർ സ്റ്റേഷനുകൾ, റെയിൽ മെയിന്റനൻസ് ഡിപ്പോകൾ മുതലായവയുടെ നിർമാണത്തിൽ പ്രവർത്തിച്ച കരാറുകാർക്ക് അപേക്ഷിക്കാം.
ഒമാനിലെ സുഹാർ തുറമുഖവുമായി അബുദാബിയെ ബന്ധിപ്പിക്കുന്ന പാത നടപ്പിലാക്കാൻ വേണ്ടി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രണ്ട് രാജ്യങ്ങളും തമ്മിൽ ധാരണയായത്.
പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ രണ്ട് രാജ്യങ്ങൾക്കിടയിൽ വലിയ ഗുണങ്ങൾ ഉണ്ടാകും. സാമ്പത്തികമായും ഗതാഗത മേഖലയിലും വളരെയധികം ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതെല്ലാം മുന്നിൽ കണ്ടാണ് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി രൂപപ്പെടുത്തിയത്. അബുദാബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൽ വരുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള യാത്രാസമയം കുറയും.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗതത്തിന് വളരെയധികം സഹായിക്കും. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക ട്രെയിനുകളാണ് ഇറക്കുന്നത്. സുഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം ഒരുമണിക്കൂറും 40 മിനിറ്റുമായും കുറയും. സുഹാറിൽനിന്ന് അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും. ഈ പാതിയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുക
ഇതേവേഗത്തിൽ സഞ്ചരിക്കുന്നതിനാൽ വർഷത്തിൽ 225 ദശലക്ഷം ടൺ കാർഗോയും 282,000 കണ്ടെയ്‌നറുകളും എത്തിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎഇയിൽ ഇത്തിഹാദ് റെയിൽപാത നിർമാണം പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധിപ്പിച്ചാണ് ഒമാനിലെ പാത നിർമിക്കുക.
ഒമാന്‍റെ വടക്കൻ തീരത്തുള്ള നഗരമാണ് സുഹാർ. എന്നാൽ തലസ്ഥാനമായ മസ്കത്തുമായി സുഹാറിനെ ബന്ധിപ്പിച്ചാൽ ടുറിസം മേഖല വളരും. 192 കി.മീറ്റർ ദൈർഘ്യമാണ് ഈ 2 നഗരങ്ങളും തമ്മിലുള്ളത്. യാത്ര സുഖമമാക്കുന്നതിലൂടെ മസ്കറ്റിലേക്കുള്ള വിദേശനിക്ഷേപം വർധിപ്പിക്കും . അതിവേഗത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് വേണ്ടിയാണ് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി പ്രവർത്തിക്കുന്നത്.