Tech

വൻ വെളിപ്പെടുത്തൽ:’ന്യൂറാലിങ്ക് തലച്ചോറിന് ആഘാതമേല്‍പ്പിക്കും’

Published

on

ന്യൂറാലിങ്കിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സഹസ്ഥാപകന്‍ കൂടിയായ ബെഞ്ചമിന്‍ റാപോപോര്‍ട്ട്. ടെസ്ല തലവന്‍ എലോണ്‍ മസ്‌കിനൊപ്പം ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് കമ്പനിയായ ന്യൂറാലിങ്കിന്റെ സഹസ്ഥാപകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ബെഞ്ചമിന്‍. അടുത്ത കാലത്ത് ന്യൂറാലിങ്ക് വിട്ട ബെഞ്ചമിന്‍ നിലവില്‍ കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യ സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ്. വാള്‍സ്ട്രീറ്റ് ജേണലിന്റെ ‘ദി ഫ്യൂച്ചര്‍ ഓഫ് എവരിതിങ്’ എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹം തന്റെ സംശയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

വര്‍ഷങ്ങളായി വൈദ്യശാസ്ത്രത്തിലേക്ക് ന്യൂറല്‍ ഇന്റര്‍ഫെയ്സുകള്‍ സന്നിവേശിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് ന്യൂറോ സര്‍ജനായ ബെഞ്ചമിന്‍. സാങ്കേതികവിദ്യയുമായി വൈദ്യ ശാസ്ത്രത്തെ ബന്ധിപ്പിക്കുമ്പോള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായി സംരംഭം തുടങ്ങാനായാണ് ബെഞ്ചമിന്‍ ന്യൂറാലിങ്ക് വിട്ടത്. പ്രിസിഷന്‍ ന്യൂറോസയന്‍സ് എന്നാണ് സ്വന്തം സംരംഭത്തിന് പേര് നല്‍കിയിരിക്കുന്നത്.

ചെറിയ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ന്യൂറാലിങ്ക് പ്രവര്‍ത്തിക്കുന്നത്. ഇവ തലച്ചോറിനുള്ളിലേക്ക് കടന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും. എന്നാലിത് തലച്ചോറിന് ആഘാതമേല്‍പ്പിക്കുമെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. കൂടാതെ ന്യൂറാലിങ്കില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രോഡുകളെ തലച്ചോറിനകത്തേക്ക് കടത്താതെ തന്നെ തലച്ചോറിന്റെ ഉപരിതലത്തില്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് പ്രിസിഷന്‍ ന്യൂറോസയന്‍സ് എന്ന സ്ഥാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ബെഞ്ചമിന്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പാണ് ന്യൂറാലിങ്ക് ടെലിപ്പതി എന്ന ഉപകരണം മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിച്ചത്. ഈ രോഗി ഇപ്പോള്‍ സുരക്ഷിതനാണെന്നും ന്യൂറാലിങ്ക് അറിയിച്ചിരുന്നു. ശരീരം തളര്‍ന്നതോ, കൈകാലുകള്‍ ഇല്ലാത്തവരോ ആയ രോഗികള്‍ക്ക് ചിന്തയിലൂടെ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ പ്രാപ്തമാക്കുകയാണ് ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സിന്റെ ലക്ഷ്യം.

ജൂലൈ 2016ല്‍ കാലിഫോര്‍ണിയയില്‍ മെഡിക്കല്‍ ഗവേഷണത്തിനായി രജിസ്റ്റര്‍ ചെയ്തതാണ് ന്യൂറോലിങ്ക് കമ്പനി. ഇതിന്റെ ഫണ്ടിങ് മുഴുവന്‍ മസ്‌കിന്റെതാണ്. തുടക്കത്തില്‍ അമ്യോട്രോഫിക് ലാറ്ററല്‍ സ്‌കെലറോസിസ് (എഎല്‍എസ്) പോലെയുള്ള കടുത്ത പ്രശ്നം തലച്ചോറിനെ ബാധിച്ചിരിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് ഉള്ളത്. ചിന്തകളെ പോലും അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വരെ ശേഷി ആര്‍ജ്ജിച്ചേക്കുമെന്നു കരുതുന്ന ‘ന്യൂറല്‍ ലെയ്സ്’ ടെക്നോളജി അടക്കമാണ് പുതിയ ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയ്സിന്റെ സാധ്യതയായി കാണുന്നത്. മനുഷ്യരുടെ ചരിത്രത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പരീക്ഷണമാണിതെന്നും ഒരുവിഭാഗം ആശങ്കയുയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version