Bahrain

ബഹ്‌റൈന്‍ പിന്നിട്ടത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂലൈ; കാലാവസ്ഥാ വ്യതിയാനം ഗള്‍ഫ് രാജ്യങ്ങളെ ബാധിക്കുന്നു

Published

on

മനാമ: കഴിഞ്ഞ മാസം രാജ്യം അഭിമുഖീകരിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയുള്ള രണ്ടാമത്തെ ജൂലൈ ആണെന്ന് ബഹ്‌റൈന്‍ കാലാവസ്ഥാ ഡയറക്ടറേറ്റ്. 1902നു ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന ചൂട് കഴിഞ്ഞ മാസം രേഖപ്പെടുത്തി. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂലൈ 31ന് 46.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

ജൂലൈ മാസത്തെ രാജ്യത്തെ ശരാശരി താപനില 36.6 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഏറെക്കാലത്തിനു ശേഷം ശരാശരി താപനിലയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയുണ്ടായത് കാലാവസ്ഥാ വ്യതിയാനം ഗള്‍ഫ് രാജ്യങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ, ബഹ്‌റൈനിലും കാലാവസ്ഥാ വ്യതിയാനം മൂലം ചൂടുള്ളതും വരണ്ടതുമായ വേനല്‍ക്കാലമാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാല താപനിലയും ഉയര്‍ന്ന ഹ്യുമിഡിറ്റിയും രാജ്യത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിപ്പിച്ചതായും അധികൃതര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാജ്യം അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വൈദ്യുതി ഉപഭോഗ നിരക്കിലെത്തിയതായി മനാമയിലെ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി പറഞ്ഞു. 3,798 മെഗാവാട്ട് ഒറ്റ ദിവസം ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന ഉപയോഗം 3,708 മെഗാവാട്ട് ആയിരുന്നു.

ബഹ്‌റൈനിലെ ജീവിതം വേനല്‍ക്കാലത്ത് ചുമരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുകയാണ്. എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ എപ്പോഴുമുള്ള ശബ്ദം ജീവിതതാളമായി കഴിഞ്ഞു. ദേശീയ വിഭവങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് ഊര്‍ജവും ജല സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന രീതികള്‍ സ്വീകരിക്കാന്‍ എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുന്നതായി വൈദ്യുതി അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ശരാശരി താപനിലയില്‍ ഓരോ വര്‍ഷവും ഉയര്‍ച്ച കാണിക്കുന്ന പ്രവണത തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ വാസയോഗ്യമല്ലാതാകുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. യുഎഇ, സൗദി രാജ്യങ്ങളില്‍ കഴിഞ്ഞയാഴ്ചകളില്‍ താപനില 50ന് ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. യുഎഇയിലെ അല്‍ ദഫ്‌റയില്‍ 50.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഉയര്‍ന്ന താപനില.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയര്‍ന്ന താപനില 49-50 സെല്‍ഷ്യസായതിനാല്‍ യുഎഇ നിവാസികള്‍ ചുട്ടുപൊള്ളുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് താപനില ഉയരാന്‍ പ്രധാന കാരണം. കടല്‍തീരത്തോട് ചേര്‍ന്ന ഭാഗങ്ങളില്‍ പുലര്‍കാല മൂടല്‍മഞ്ഞ് കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളായി ദൂരക്കാഴ്ച നന്നേ കുറവാണ്. റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും രാവിലെ തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കുമെന്നും താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നുമാണ് പ്രവചനം. വേനല്‍ക്കാലം ശക്തമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഉച്ച സമയത്ത് തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് നിയമംമൂലം നിരോധിക്കുന്ന ഉച്ച വിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. ചുട്ടുപൊള്ളുന്ന വെയിലില്‍ പൂച്ച, ഒട്ടകം, ആട്, മറ്റു കന്നുകാലികള്‍ തുടങ്ങി മനുഷ്യനെ ആശ്രയിക്കുന്ന ഒരു മൃഗത്തെയും തുറന്നുവിടരുതെന്ന് യുഎഇയിലെയും സൗദിയിലെയും മൃഗസംരക്ഷണ മന്ത്രാലയങ്ങള്‍ ഉടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിയമംലംഘിച്ചാല്‍ ശിക്ഷാനടപടിയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version