മനാമ: വലിയ തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തി നിലവിൽ വന്ന ബഹ്റൈൻ ഇ-പാസ്പോർട്ടിന് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മത്സരമായ ലണ്ടൻ ഡിസൈൻ അവാർഡ് ആണ് ബഹ്റെെൻ ഇ-പാസ്പോർട്ട് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് സ്വർണ അവാർഡുകളും ഏഴ് വെള്ളി അവാർഡുകളും ഇ-പാസ്‌പോർട്ട് മത്സരത്തിൽ സ്വന്തമാക്കി.
പ്രൊഡക്ട് ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ ഡിസൈൻ എന്നിവയുൾപ്പെടെ വിവിധ പ്രത്യേകതകൾ ഉൾപ്പെടത്തിയാണ് ബഹ്റെെൻ പാസ്പോർട്ട് നിർമ്മിച്ചിരിക്കുന്നത്. 45 രാജ്യങ്ങളിൽ നിന്നുള്ള 3000 പാസ്പോർട്ടുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. 2023 മാർച്ചിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇ-പാസ്‌പോർട്ട് പുറത്തിറക്കിയത്.
രാജ്യത്ത് പുതിയ സാങ്കതിക വിദ്യകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നിർദേശത്തിന് അനുസരിച്ച് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് വിഭാഗം ആണ് ഇതിന് വേണ്ടി മുൻ കെെ എടുത്തത്.
സാധാരണ പാസ്പോർട്ട്, ഡിപ്ലോമാറ്റിക് പാസ്പോർട്ട്, സ്‍പെഷൽ പാസ്പോർട്ട്, ട്രാവൽ ഡോക്യുമെന്റ് എന്നിവയെല്ലാം ഇ പാസ്പോർട്ടാക്കി മാറ്റിയിട്ടുണ്ട്. വലിയ സുരക്ഷ സംവിധാനങ്ങൽ ആണ് ഇ പാസ്പോർട്ടിൽ ഒരുക്കിയിരിക്കുന്നത്. മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് ഈ പാസ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.