ദുബായ്: ദുബായുടെ ഐക്കണിക് ലാൻഡ്മാർക്കായ ഗ്ലോബല്‍ വില്ലേജ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് അടച്ചിടുമെന്ന് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ അറിയിച്ചു. ഗ്ലോബൽ വില്ലേജിലെത്തുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സമൂഹ മാധ്യമമായ എക്സിലൂടെയാണ് വിവരം അറിയിച്ചത്.
‘പ്രതികൂലമായ കാലാവസ്ഥ കാരണം അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജ് ഇന്ന് അടച്ചിടും’. നിലവിലെ കാലാവസ്ഥ ശമിച്ചുകഴിഞ്ഞാൽ നാളെ ഗ്ലോബല്‍ വില്ലേജ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ച മുതൽ തുടർച്ചയായ മഴയാണ് യുഎഇയിലെ വിവിധ ഭാഗങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്നത്. റോഡുകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടത് മൂലം ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്. യുഎഇയിലെ ചില ഭാഗത്ത് ആലിപ്പഴ മഴയും പെയ്യുന്നുണ്ട്.