Gulf

പ്രവാസികള്‍ക്ക് തിരിച്ചടി; പണമയക്കല്‍ ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ 15% വര്‍ധിപ്പിക്കുന്നു

Published

on

അബുദാബി: യുഎഇയില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ 15 ശതമാനം വര്‍ധിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. എക്സ്ചേഞ്ച് ഹൗസുകളിലെ വര്‍ധിച്ച ചെലവുകള്‍ പരിഹരിച്ച് മത്സരക്ഷമത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു.

യുഎഇയുടെ അധികാരപരിധിയിലുള്ള എക്സ്ചേഞ്ച് ഹൗസുകള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതായി ഫോറിന്‍ എക്സ്ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് (എഫ്ഇആര്‍ജി) ഇന്ന് പ്രഖ്യാപിച്ചു. ഇത് കുറഞ്ഞത് 15 ശതമാനം വര്‍ധനവ് അനുവദിക്കുന്നു. 2.50 ദിര്‍ഹത്തിന് (56.50 രൂപ) തുല്യമാണിത്.

മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി നിയന്ത്രണങ്ങളും ചെലവ് വര്‍ധനയും കാരണം ഫീസ് വര്‍ധന അനിവാര്യമാണെന്ന് എക്സ്ചേഞ്ച് ഹൗസുകള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഫിസിക്കല്‍ ബ്രാഞ്ച് റെമിറ്റന്‍സ് സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്ഇആര്‍ജി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഡിജിറ്റല്‍ മത്സരക്ഷമത നിലനിര്‍ത്തുന്നതിന് മൊബൈല്‍ ആപ്പ് വഴി പണമടയ്ക്കല്‍ ഫീസ് മാറ്റമില്ലാതെ തുടരുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് ഈ രംഗത്തെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

എക്സ്ചേഞ്ച് ഹൗസുകള്‍ക്ക് ഫീസ് ക്രമീകരണം അനുവദിക്കാനുള്ള തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി എഫ്ഇആര്‍ജി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി ആവശ്യകതകള്‍ക്കും അനുബന്ധ പ്രവര്‍ത്തനച്ചെലവുകള്‍ക്കും അനുസരിച്ച് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ ഫീസ് വര്‍ധന അനിവാര്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫീസ് വര്‍ധിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎഇയില്‍ നിന്ന് പ്രവാസികള്‍ ഏറ്റവുമധികം പണമയക്കുന്നത് ഇന്ത്യയിലേക്കാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. 2024 ജനുവരി 3-ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2021ല്‍ യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version