Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് 11ന് റമദാന്‍ മാസപ്പിറവി ദൃശ്യമാവുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍

Published

on

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും മാര്‍ച്ച് 11ന് റമദാന്‍ മാസപ്പിറവി ദൃശ്യമാവുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞര്‍. മാര്‍ച്ച് 10 ഞായറാഴ്ച ശഅബാന്‍ മാസം പൂര്‍ത്തിയാവുമെന്നും പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കുമെന്നും എന്നാല്‍ കാണുക സാധ്യമല്ലെന്നും ഇന്റര്‍നാഷനല്‍ ആസ്‌ട്രോണമിക്കല്‍ സെന്റര്‍ (ഐഎസി) അറിയിച്ചു.

മാര്‍ച്ച് 10ന് ഇസ്ലാമിക ലോകത്തെമ്പാടുമുള്ള നഗരങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രന്‍ അസ്തമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, മാര്‍ച്ച് 10ന് ചന്ദ്രക്കല കാണുന്നത് അറബ്, ഇസ്ലാമിക ലോകത്ത് എവിടെ നിന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് ഉപയോഗിച്ചോ സാധ്യമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ചന്ദ്രക്കല ദൃശ്യമാകണമെങ്കില്‍ അതിന്റെ ദൈര്‍ഘ്യം കുറഞ്ഞത് ആകാശത്ത് 29 മിനിറ്റ് ഉണ്ടാവണമെന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ മുഹമ്മദ് ഷൗക്കത്ത് ഒഡെ വിശദീകരിച്ചു. ചന്ദ്രന് 15 മണിക്കൂറും 33 മിനിറ്റും പ്രായവും വേണം. സൂര്യനില്‍ നിന്നുള്ള ദൂരം 7.6 ഡിഗ്രിയില്‍ കൂടുതലായിരിക്കണം. മാര്‍ച്ച് 10ന് ചന്ദ്രന്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയിലെ മക്കയില്‍, സൂര്യാസ്തമയത്തിനു ശേഷം 13 മിനിറ്റില്‍ ചന്ദ്രന്‍ അസ്തമിക്കും. ചന്ദ്രന് 6 മണിക്കൂര്‍ 22 മിനിറ്റ് പ്രായമാകുമ്പോഴായിരിക്കും ഇത്. സൂര്യനും ചന്ദ്രനും തമ്മിലുള്ള കേന്ദ്ര സംയോജനം മാര്‍ച്ച് 10ന് ജിഎംടി രാവിലെ 9 മണിക്ക് സംഭവിക്കും.

ഈജിപ്തിലെ കെയ്റോയില്‍, ചന്ദ്രന്‍ സൂര്യാസ്തമയം കഴിഞ്ഞ് 14 മിനിറ്റ് കഴിഞ്ഞ് അസ്തമിക്കും. ചന്ദ്രന് 7 മണിക്കൂറും 2 മിനിറ്റും പ്രായമാകുമ്പോഴാണിത്.

അതിനാല്‍ മിക്ക രാജ്യങ്ങളിലും മാര്‍ച്ച് 11ന് പുതിയ ചന്ദ്രക്കല കാണുമെന്നും മാര്‍ച്ച് 12ന് റമദാന്‍ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 11ന് നഗ്‌നനേത്രങ്ങള്‍ ഉപയോഗിച്ച് പടിഞ്ഞാറന്‍ ചക്രവാളത്തിന് സമീപം സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 15-25 മിനിറ്റുകള്‍ക്ക് കഴിഞ്ഞാല്‍ ചന്ദ്രക്കല താരതമ്യേന എളുപ്പത്തില്‍ കാണാന്‍ കഴിയുമെന്ന് ഐഎസി ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വര്‍ഷത്തെ റമദാന്‍ മാസപ്പിറവി മാര്‍ച്ച് 11നാണ് ദൃശ്യമാവുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസും അറിയിച്ചു. മാര്‍ച്ച് 10 ഞായറാഴ്ചയാകും ശഅബാന്‍ മാസം പൂര്‍ത്തിയാവുക. അന്ന് പുതിയ മൂണ്‍ പിറക്കുമെങ്കിലും സൂര്യന്‍ അസ്തമിച്ചതിന് ശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രന്‍ അസ്തമിക്കുക. അന്ന് മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനാല്‍ 11ന് ദൃശ്യമാവുകയും അടുത്ത ദിവസം റമദാന്‍ ഒന്നായി വരികയും ചെയ്യുമെന്ന് ഷെയ്ഖ് അബ്ദുല്ല അല്‍ അന്‍സാരി കോംപ്ലക്‌സ് എക്‌സി. ഡയറക്ടര്‍ ഫൈസല്‍ മുഹമ്മദ് അല്‍ അന്‍സാരി അറിയിച്ചു.
ഗോളശാസ്ത്രജ്ഞരുടെ പ്രവചന പ്രകാരം എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും മാര്‍ച്ച് 11ന് 15 മിനുട്ട് മുതല്‍ 25 മിനുട്ട് വരെ ചന്ദ്രക്കല കാണാമെങ്കിലും അതാത് രാജ്യങ്ങളുടെ മതകാര്യ മന്ത്രാലയമാണ് റമദാന്‍ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version