ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റന്നാള്‍ യുഎഇയിലെത്തും. ഫെബ്രുവരി 13, 14 വരെ തീയതികളില്‍ അബുദാബിയില്‍ വിവിധ രിപാടികളില്‍ സംബന്ധിക്കുന്ന മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ നിരവധി ഔദ്യോഗിക പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. അബുദാബിയില്‍ പണികഴിപ്പിച്ച മധ്യപൗരസ്ത്യ ദേശത്തെ ആദ്യ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം, ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി, അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലെ ‘അഹ്‌ലന്‍ മോദി’, യുഎഇ പ്രസിഡന്റുമായും വൈസ് പ്രസിഡന്റുമായുമുള്ള പ്രത്യേക ചര്‍ച്ച, ശിലാക്ഷേത്രത്തിലെ ഏഴ് ദേവതകളുടെ പ്രതിഷ്ഠ-അനുഗ്രഹ ചടങ്ങുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ യുഎഇ സന്ദര്‍ശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികള്‍ മോദിയും അല്‍ നഹ്‌യാനും ചര്‍ച്ച ചെയ്യും. പരസ്പര താല്‍പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറും.
യുഎഇ പ്രസിഡന്റിനു പുറമേ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അല്‍ മക്തൂമിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ദുബായില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി 2024ല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. ഉച്ചകോടിയില്‍ മോദി മുഖ്യപ്രഭാഷണം നടത്തും.
അബുദാബിയിലെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിറിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുമെന്നും സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി മോദി ഉദ്ഘാടനത്തിന് എത്താമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നെങ്കിലും വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.
ഇന്ത്യയും യുഎഇയും ശക്തമായ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക ബന്ധങ്ങളാല്‍ ഊഷ്മളവും ബഹുമുഖവുമായ ഇഴയടുപ്പം ആസ്വദിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. 2015 ഓഗസ്റ്റില്‍ മോദിയുടെ യുഎഇ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമായി വളര്‍ന്നു. 2022 ഫെബ്രുവരിയില്‍ രൂപയിലും ദിര്‍ഹത്തിലും ഉഭയകക്ഷി വ്യാപാരം സാധ്യമാക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലും (സിഇപിഎ) 2023 ജൂലൈയില്‍ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് (എല്‍സിഎസ്) സംവിധാനത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2022-23ല്‍ ഏകദേശം 85 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് വിദേശ നിക്ഷേപകരില്‍ യുഎഇയും ഉള്‍പ്പെടുന്നു. ശക്തരും ഊര്‍ജസ്വലരുമായ 35 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ അധിവസിക്കുന്ന രാജ്യമാണ് യുഎഇ. യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ആതിഥേയ രാജ്യത്തിന്റെ വികസനത്തില്‍ ക്രിയാത്മക സംഭാവന നല്‍കുന്ന പ്രവാസി ഇന്ത്യക്കാര്‍ മികച്ച ഉഭയകക്ഷി ഇടപഴകലില്‍ നിര്‍ണായക സാന്നിധ്യമായി നിലകൊള്ളുന്നുവെന്നും മന്ത്രാലയം പ്രസ്താവിച്ചു.