ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി കിരീടപ്പോരിൽ വിട്ടുകൊടുക്കാതെ മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളിനാണ് പെപ് ഗാർഡിയോളയുടെ സംഘം ജയിച്ചു കയറിയത്. ജോസ്കോ ഗ്വാർഡിയോളും സൂപ്പർ താരം എർലിങ് ഹാലണ്ടുമാണ് സിറ്റിക്കായി വല കുലുക്കിയത്. ഇരു ഗോളിനും വഴിയൊരുക്കിയത് കെവിൻ ഡിബ്രൂയിൻ ആയിരുന്നു. 32ാം മിനിറ്റിലാണ് സിറ്റി ലീഡ് പിടിച്ചത്. ഡിബ്രൂയിൻ എടുത്ത കോർണർ കിക്ക് തകർപ്പൻ ഹെഡറിലൂടെ ഗ്വാർഡിയോൾ എതിർ പോസ്റ്റിലെത്തിക്കുകയായിരുന്നു. 71ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ ഗോൾ. പരിക്ക് കാരണം രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ഹാലണ്ട് 62ാം മിനിറ്റിൽ പകരക്കാരനായെത്തിയാണ് ഗോളോടെ തിരിച്ചുവരവ് ആഘോഷമാക്കിയത്.
നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടൻഹാമിനെ വീഴ്ത്തി ആഴ്‌സണലും കിരീട പോരാട്ടത്തിലുണ്ട്. രണ്ടിനെതിരെ മൂന്നുഗോൾ ജയത്തോടെയാണ് ഒന്നാം സ്ഥാനത്ത് ഗണ്ണേഴ്സ് ഇടമുറപ്പിച്ചത്. ആദ്യ പകുതിയിൽ കാൽ ഡസൻ ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയ ആഴ്‌സണൽ ഇടവേളക്കു ശേഷം രണ്ടെണ്ണം തിരിച്ചുവാങ്ങിയെങ്കിലും ജയം വിട്ടുകൊടുത്തില്ല. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും തോറ്റ് മടങ്ങാനായിരുന്നു ടോട്ടൻഹാമിന്റെ വിധി. 15ാം മിനിറ്റിൽ ബുകായോ സാക എടുത്ത കോർണർ കിക്ക് പിയറി ഹോബ്ജെർഗ് സ്വന്തം വലയിൽ എത്തിച്ചതോടെയാണ് ആഴ്സണൽ ലീഡ് പിടിച്ചത്. 27ാം മിനിറ്റിൽ കായ് ഹാവെർട്സിന്റെ അസിസ്റ്റിൽ ബുകായോ സാകയും 38ാം മിനിറ്റിൽ ഹാവെർട്സും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി ആഴ്സണലെടുത്തു.
എന്നാൽ, രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ആക്രമിച്ചു കളിച്ച ടോട്ടൻഹാമിന് 64ാം മിനിറ്റിൽ അതിന്റെ ഫലവും ലഭിച്ചു. ക്രിസ്റ്റ്യൻ റൊമേറൊയായിരുന്നു ആഴ്സണൽ വല കുലുക്കിയത്. നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ബെൻ ഡേവിസിനെ ഡെക്ലാൻ റൈസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സൺ ഹ്യൂങ് മിൻ രണ്ടാം ഗോളും നേടിയെങ്കിലും തുടർന്ന് ആഴ്സണൽ പ്രതിരോധം ഭേദിക്കാൻ ടോട്ടൻഹാമിനായില്ല. നിലവിൽ 35 മത്സരങ്ങളിൽ നിന്ന് 80 പോയിന്റുമായി പോയിന്റ് ടേബിളിൽ ആഴ്‌സണൽ ഒന്നാം സ്ഥാനത്തും 34 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.