ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ പ്രദര്‍ശനവും സമ്മേളനവുമായ അറബ് ഹെല്‍ത്ത് ജനുവരി 30 മുതല്‍ ഫെബ്രുവരി 2 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും.
ഹെല്‍ത് കെയര്‍ കോണ്‍ഗ്രസില്‍ ആദ്യമായി ന്യൂസിലാന്‍ഡ്, സിംഗപൂര്‍, തുനീഷ്യ, ഇന്തോനേഷ്യ, എസ്‌തോണിയ എന്നിവയുള്‍പ്പെടെ 45ലധികം രാജ്യങ്ങളുടെ പവലിയനുകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങും.
നാല് ദിവസം നീളുന്ന പരിപാടിയില്‍ 3,000ലധികം എക്‌സിബിറ്റര്‍മാരും, 51000ലധികം ഹെല്‍ത്ത് കെയര്‍ പ്രാഫഷണലുകളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ‘ആരോഗ്യ സംരക്ഷണത്തിലെ നവീകരണവും സുസ്ഥിരതയും’ എന്ന പ്രമേയത്തിലാണ് കോണ്‍ഗ്രസ് നടക്കുന്നത്.
”അന്താരാഷ്ട്ര പവലിയനുകളുടെ വര്‍ധനയോടെ ആഗോള ഹെല്‍ത്ത് കെയര്‍ ഹബ്ബ് എന്ന നിലയില്‍ യുഎഇയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള പങ്കാളികളുമായി ബന്ധം സ്ഥാപിക്കുന്നതിന് മെനാ ഹെല്‍ത്ത് കെയര്‍ വ്യവസായത്തിന് അനുയോജ്യമായ പ്‌ളാറ്റ്‌ഫോം ഞങ്ങള്‍ നല്‍കുന്നു” -ഇന്‍ഫോര്‍മ മാര്‍കറ്റ്‌സ് എക്‌സിബിഷന്‍ ഡയറക്ടര്‍ റോസ് വില്യംസ് പറഞ്ഞു.
ഇന്റലിജന്റ് ഹെല്‍ത്ത് അസോസിയേഷന്റെ പങ്കാളിത്തത്തോടെയുള്ള ഇന്റലിജന്റ് ഹെല്‍ത്ത് പവലിയന്‍ ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകളുടെ ഒരു പരമ്പരയാണ് പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്. അറബ് ഹെല്‍ത്തിന്റെ ഹെല്‍ത്ത് കെയര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന ഇന്റലിജന്റ് ഹെല്‍ത്ത് പവലിയന്‍ തത്സമയ പ്രദര്‍ശനങ്ങളിലൂടെ തത്സമയ ഡിജിറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ഇന്റലിജന്റ് ഓപ്പറേറ്റിംഗ് റൂം, വിപ്ലവകരമായ എമര്‍ജന്‍സി റൂം എന്നിവ ഉള്‍പ്പടെ നിരവധി പുതിയ സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും.
ഇന്നൊവേഷന്‍ തീം തുടരുന്ന അറബ് ഹെല്‍ത്ത് ഫ്യൂച്ചര്‍ ഹെല്‍ത്ത് സമ്മിറ്റിന്റെ രണ്ടാം പതിപ്പ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ സംഘടിപ്പിക്കും. മെറ്റാവേഴ്‌സിലെ ആരോഗ്യ സംരക്ഷണ സാധ്യതകളുടെ ഭാവിയെ കുറിച്ചും ഉച്ചകോടി പരിശോധിക്കുകയും ലോകപ്രശസ്തരായ നിരവധി വ്യവസായ പ്രമുഖര്‍, ദാര്‍ശകന്മാര്‍, മെറ്റാവേഴ്‌സ് വിദഗ്ധര്‍, രചയിതാക്കള്‍, ഭാവിവാദികള്‍ എന്നിവര്‍ ഈ വിഷയത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
ഫെബ്രുവരി 30 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുന്ന ടോക്‌സ് മത്സരം, ലോകമെമ്പാടുമുള്ള 24 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആരോഗ്യ സംരക്ഷണ വ്യവസായത്തിന് പ്രയോജനപ്പെടുന്ന അവരുടെ അതുല്യവും നൂതനവുമായ പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം നല്‍കും.
ഡിസ്‌പോസിബിള്‍സ്, ഓര്‍ത്തോപീഡിക്‌സ്, ഹെല്‍ത്ത് കെയര്‍, ജനറല്‍ സര്‍വീസുകള്‍, ഇമേജിംഗ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐടി, വെല്‍നസ് ആന്‍ഡ് പ്രിവന്‍ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, അസറ്റുകള്‍ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും നൂതനാശയങ്ങളും പ്രദര്‍ശിപ്പിക്കുന്ന ഒമ്പത് ഉല്‍പന്ന മേഖലകള്‍ അറബ് ഹെല്‍ത്ത് അവതരിപ്പിക്കും.
3,200 പ്രതിനിധികളെയും 300ലധികം അന്തര്‍ദേശീയ സ്പീക്കറുകളെയും സ്വാഗതം ചെയ്യുന്ന പരിപാടിയില്‍ മൊത്തം ഒമ്പത് തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ കോണ്‍ഫറന്‍സുകള്‍ നടക്കും.
ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, അനസ്‌തേഷ്യ, പെയിന്‍ മാനേജ്‌മെന്റ് എന്നിവയാണ് ഈ വര്‍ഷംകോണ്‍ഫറന്‍സുകളില്‍ കൂട്ടിച്ചേര്‍ത്ത പുതിയ വിഭാഗങ്ങള്‍.
യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം, ദുബായ് സര്‍ക്കാര്‍, ദുബായ് ഹെല്‍ത്ത് അഥോറിറ്റി, ആരോഗ്യ വകുപ്പ്, ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി അഥോറിറ്റി, എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിപാടിയെ പിന്തുണയ്ക്കും.