അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു സൂപ്പര്‍ ഇന്നിംഗ്‌സ് കൂടെ കളിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. 44 പന്തില്‍ 70 റണ്‍സുമായി താരം പുറത്താകാതെ നിന്നു. പിന്നാലെ തനിക്കെതിരെ ഉയരുന്ന സ്‌ട്രൈക്ക് റേറ്റ് വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം. ക്രിക്കറ്റ് കമന്റേറ്റര്‍മാരായ ഹര്‍ഷ ഭോഗ്‌ലെ, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയവര്‍ക്കുള്ള പരോക്ഷ വിമര്‍ശനം കൂടിയായിരുന്നു കോഹ്‌ലിയുടെ മറുപടി.
തന്റെ സ്‌ട്രൈക്ക് റേറ്റ്, സ്പിന്നില്‍ നന്നായി കളിക്കുന്നില്ല തുടങ്ങിയ വിഷയങ്ങളില്‍ ചിലര്‍ സംസാരിക്കുന്നു. അവര്‍ നമ്പറുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് സംസാരിക്കുന്നത്. ടീമിനുവേണ്ടി കളിക്കുകയാണ് തനിക്ക് പ്രധാനം. അതുകൊണ്ട് കഴിഞ്ഞ 15 വര്‍ഷമായി താന്‍ ക്രിക്കറ്റില്‍ തുടരുന്നു. ആ കണക്കുകളാണ് നിങ്ങള്‍ ദിവസവും ആവര്‍ത്തിക്കുന്നതെന്ന് കോഹ്‌ലി പ്രതികരിച്ചു.
ടീമിന് വേണ്ടി കളിക്കുമ്പോള്‍ സാഹചര്യം മനസിലാക്കണം. കമന്ററി ബോക്‌സിലിരിക്കുന്നവര്‍ക്ക് ഗ്രൗണ്ടിലെ സാഹചര്യം മനസിലാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ക്രിക്കറ്റ് തന്റെ ജോലിയാണ്. ഓരോത്തര്‍ക്കും അവരവരുടെ ആശയങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.