മലയാളി സിനിമ പ്രേക്ഷകർ മിനിമം ഗാരൻ്റി ഉറപ്പിക്കുന്ന സംവിധായികയും എഴുത്തുകാരിയുമാണ് അഞ്ജലി മേനോൻ. അഞ്ജലിയുടെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും പ്രണവ് മോഹൻലാലുമാണ് പ്രധാന താരങ്ങൾ എന്നാണ് വിവരം.
മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ, വണ്ടർ വുമൺ എന്നീ സിനിമകളാണ് അഞ്ജലിയുടെ സംവിധാനത്തിൽ ഒരുങ്ങിയത്. കേരള കഫേ ആന്തോളജി ചിത്രത്തിൽ ഒരു ഭാഗം ഒരുക്കുകയും ചെയ്തു. അഞ്ജലി മേനോൻ തിരക്കഥയൊരുക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതാണ്. അതേസമയം അഞ്ജലി മേനോൻ അവസാനമൊരുക്കിയ ഒടിടി ചിത്രം ‘വണ്ടർ വുമൺ’ ശ്രദ്ധിക്കപ്പെട്ടില്ല.
2014ൽ റിലീസ് ചെയ്ത് കേരളത്തിൽ തരംഗം ശൃഷ്ടിച്ച ‘ബാംഗ്ലൂർ ഡെയ്സി’ലാണ് ദുൽഖർ സൽമാൻ അഞ്ജലി മേനോനൊപ്പം മുമ്പ് ഒന്നിച്ചത്. നസ്രിയ, ഫഹദ് ഫാസിൽ, നിവിൻ പോളി, ഉർവ്വശി തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ. പുതിയ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റ് മാർച്ച് മാസം എത്തുമെന്നും 2024 ഡിസംബറിൽ സിനിമയുടെ റിലീസ് കാണുമെന്നുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.