Gulf

വ്യാജരേഖയുണ്ടാക്കി ചികില്‍സാ പണം തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്; 60 ലക്ഷം ദിനാര്‍ പിഴ

Published

on

കുവൈറ്റ് സിറ്റി: വ്യാജ ചികില്‍സാ രേഖയുണ്ടാക്കി ലക്ഷക്കണക്കിന് ദിനാര്‍ തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്. ഈജിപ്തുകാരനായ പ്രതി 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ടുനിന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഏഴു വര്‍ഷം തടവിനും മൂന്നു ലക്ഷം ദിനാര്‍ പിഴയ്ടക്കാനും ശിക്ഷിച്ചു.

സ്വദേശി പൗരന്‍മാര്‍ വിദേശത്ത് ചികില്‍സ നടത്തുമ്പോള്‍ അതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ നല്‍കിവരുന്നത് മുതലെടുത്താണ് തട്ടിപ്പ്. 1,942 രോഗികളുമായി ബന്ധപ്പെട്ട വ്യാജ ചികിത്സാ ബില്ലുകള്‍ ഉണ്ടാക്കി 67 ലക്ഷം ദിനാര്‍ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി വിധി പറഞ്ഞത്.

തട്ടിപ്പിന് കൂട്ടുനിന്നതിലൂടെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ 70,000 ദിനാര്‍ വിലയുള്ള കെട്ടിടം വാങ്ങിയതായും 44,000 ദിനാറിന്റെ യാത്രാ ടിക്കറ്റുകള്‍ കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു.

വ്യാപകമാവുന്ന അഴിമതിക്കെതിരേ രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അഴിമതിക്കേസില്‍ അടുത്തിടെ കുവൈറ്റ് മുന്‍ മന്ത്രിക്കും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഏഴ് വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചിരുന്നു. 2021 ഡിസംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ സാമൂഹികകാര്യ മന്ത്രിയായിരുന്ന മുബാറക് അലറോവിനെയാണ് ശിക്ഷിച്ചത്. ബിസിനസ് കരാറിലൂടെ അനധികൃതമായി പണം സമ്പാദിച്ച കേസില്‍ നവംബറിലായിരുന്നു കോടതി വിധി. മുന്‍ അണ്ടര്‍ സെക്രട്ടറിയും ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് മുന്‍ മേധാവിയുമാണ് ശിക്ഷിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍.

കുവൈറ്റ് ടീച്ചേഴ്സ് അസോസിയേഷനില്‍ ഫിനാന്‍ഷ്യല്‍ മാനേജറായ ഈജിപ്തുകാരനെ സാമ്പത്തിക വെട്ടിപ്പ് നടത്തിയ കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അനധികൃതമായി സ്വന്തം ശമ്പളം പലതവണ വര്‍ധിപ്പിക്കുകയും വ്യാജ ജീവനക്കാരെ ശമ്പളപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താണ് വെട്ടിപ്പ് നടത്തിയത്.

ഇറാനി വ്യവസായിയുമായി ബന്ധപ്പെട്ട കേസില്‍ കൈക്കൂലി സ്വീകരിച്ചതിന് ഏഴു മുന്‍ ജഡ്ജിമാര്‍ക്കുള്ള തടവ് ശിക്ഷയും സര്‍വീസില്‍ നിന്നുള്ള പിരിച്ചുവിടലും ഒക്ടോബറില്‍ പരമോന്നത കോടതി ശരിവെച്ചിരുന്നു. ജഡ്ജിമാര്‍ക്ക് ഏഴു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷം വരെ തടവാണ് കോടതി വിധിച്ചത്. കൈക്കൂലിയായി ഇവര്‍ സ്വീകരിച്ച കാറുകള്‍ കണ്ടുകെട്ടാനും കോടതി വിധിച്ചിരുന്നു.

വ്യാജമായി ഹാജര്‍ രേഖപ്പെടുത്തി ശമ്പളം തട്ടിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും കൂട്ടുനിന്ന ഇറാന്‍ പ്രവാസിയേയും കുവൈറ്റ് ക്രിമിനല്‍ കോടതി അടുത്തിടെ ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version