ഷാർജ: മോഷണങ്ങൾ തടയുന്നതിൻ്റെ ഭാഗമായി വാഹനങ്ങളിൽ അലാറം സ്ഥാപിക്കുന്നതിന് നിർദേശം നൽകി ഷാർജ പൊലീസ്. വാഹനങ്ങളിൽ ഉപേക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കുമെന്നും വാഹനമോടിക്കുന്നവർ തങ്ങളുടെ സാധനങ്ങളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഷാർജ പൊലീസ് അറിയിച്ചു.
‘നിങ്ങളുടെ സാധനങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന മുദ്രാവാക്യവുമായി ഒരു മാസം നീണ്ടുനിൽക്കുന്നതാണ് ബോധവൽക്കരണ കാമ്പയിൻ. ഈ മാസം അഞ്ചിന് ആരംഭിച്ച കാമ്പയിൻ ഈ മാസം അവസാനം വരെയുണ്ട്. വാഹനമോടിക്കുന്നവർ വാഹന അലാറം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് അത്യാവശ്യമാണ്’, ഷാർജ പൊലീസ് പറഞ്ഞു.
വിലപിടിപ്പുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ തുറസ്സായ സ്ഥലത്ത് വയ്ക്കുന്നത് ഒഴിവാക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കുക, വാഹന അലാറങ്ങൾ ഇൻസ്റ്റാൾ ചെയ്യുക എന്നീ മുൻകരുതലുകൾ സ്വീകരിക്കാനാണ് നൽകുന്ന നിർദേശം.
മൂന്ന് ഭാഷയിലാണ് ബോധവത്കരണ വീഡിയോകൾ ഷാർജ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അറബ്, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളാണവ. കുറ്റകൃത്യമോ അസ്വാഭാവികമോ സംശയാസ്പദമോ ആയ പെരുമാറ്റമോ റിപ്പോർട്ട് ചെയ്യാൻ 999, 901, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ (നജീദ്) 800151 എന്നിവ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.