ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്നത് (Cristiano Ronaldo) തർക്കമില്ലാത്ത കാര്യമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ലോക ഫുട്ബോൾ ഭരിക്കുന്നത് അർജൻറീന ഇതിഹാസം ലയണൽ മെസിയും (Lionel Messi) പോർച്ചുഗൽ (Portugal) ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. മെസിയുടെ നേതൃത്വത്തിൽ അർജൻറീന ലോകകിരീടവും ലാറ്റിനമേരിക്കൻ കിരീടവുമെല്ലാം നേടിയപ്പോൾ റൊണാൾഡോയ്ക്ക് യൂറോകപ്പ് ലഭിച്ചുവെങ്കിലും ലോകകിരീടം നേടാൻ സാധിച്ചില്ല.
38കാരനായ റൊണാൾഡോ തൻെറ കരിയറിൻെറ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ഒരു കാലത്ത് യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിനെ അടക്കി വാണിരുന്ന താരം ഇന്ന് യൂറോപ്പിന് പുറത്ത് സൗദി അറേബ്യയിലെ (Saudi Pro League) അൽ നസർ എഫ്സിക്ക് (Al Nassr FC) വേണ്ടിയാണ് കളിക്കുന്നത്. പോർച്ചുഗലിനായി അടുത്ത യൂറോ കപ്പ് കളിക്കുമെന്ന് ഉറപ്പിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ 2026ലെ ലോകകപ്പും ലക്ഷ്യം വെക്കുന്നുണ്ട്.
ക്രിസ്റ്റ്യാനോ അൽ നസറിലെത്തിയതോടെ സൗദി ലീഗിൻെറ മുഖഛായ തന്നെ മാറിയിരിക്കുകയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പണം ചെലവഴിക്കപ്പെടുന്ന വലിയ ജനപ്രീതിയുള്ള ലീഗായി സൗദി പ്രോ ലീഗ് മാറിയിരിക്കുന്നു. അൽ നസറിൽ കളിച്ച് തന്നെ തൻെറ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനാണ് റൊണാൾഡോ ലക്ഷ്യമിടുന്നത്. താരത്തിന് വേണ്ടി വമ്പൻ യാത്രയയപ്പ് അൽ നസർ മാനേജ്മെൻറ് ഇപ്പോഴേ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ വിരമിക്കുമെന്നാണ് കരുതുന്നത്. നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനെ താരം തന്നെയാണ് നയിക്കുന്നത്. യൂറോകപ്പിനുള്ള യോഗ്യത ടീം നേടിയിട്ടുണ്ട്. 2024ൽ ജർമനിയിലാണ് യൂറോകപ്പ് നടക്കാൻ പോവുന്നത്. റൊണാൾഡോക്കൊപ്പം ഒരു മികച്ച ടീം തന്നെയാണ് ഇപ്പോഴുള്ളത്.
2027 തുടക്കത്തിലായിരിക്കും അൽ നസർ എഫ്സി റൊണാൾഡോയ്ക്ക് യാത്രയയപ്പ് നൽകുകയെന്ന് സൗദി അറേബ്യൻ മാധ്യമപ്രവർത്തകനായ അലി അൽ ഹർബി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കായി ചരിത്രപരമായ ഒരു യാത്രയയപ്പ് തന്നെയാണ് അൽ നസർ പദ്ധതിയിടുന്നത്. 2027ൻെറ തുടക്കത്തിലായിരിക്കും ഇത് നടക്കുക. അതോടെ ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാൾ ബൂട്ടഴിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
വിരമിക്കലുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ അൽ നസർ ടീം മാനേജ്മെൻറുമായി താരം ചർച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു ക്ലബ്ബിലേക്ക് മാറാനുള്ള സാധ്യത കുറവാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് താരത്തിനായി ശ്രമം നടത്തുന്നുണ്ട്. എന്നാൽ അൽ നസറിനൊപ്പം പൂർണ തൃപ്തനായ റൊണാൾഡോ ഇനിയൊരു കൂടുമാറ്റം നടത്തിയേക്കില്ല.
കഴിഞ്ഞ ലോകകപ്പിലെ പോർച്ചുഗലിൻെറ ദയനീയ പ്രകടനത്തിന് ശേഷമാണ് ക്രിസ്റ്റ്യാനോ അൽ നസറിലെത്തുന്നത്. ഈ വർഷം ജനുവരിയിൽ താരം ക്ലബ്ബിനൊപ്പം ചേർന്നു. സൌദി ലീഗിൽ അൽ നസർ എഫ്സിയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു. ഇത്തവണ ക്ലബ്ബ് കിരീടം നേടുമന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സൗദി പ്രോ ലീഗ് പോയൻറ് പട്ടികയിൽ റൊണാൾഡോയുടെ അൽ നസർ എഫ്സി നിലവിൽ 19 പോയൻറുമായി മൂന്നാം സ്ഥാനത്തുണ്ട്. 23 പോയൻറുള്ള നെയ്മറിൻെറ അൽ ഹിലാലാണ് ഒന്നാമത്. ലീഗിലെ ഗോൾ സ്കോറർമാരുടെ പട്ടികയിലും അസിസ്റ്റ് പട്ടികയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്.