ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതിന് ശേഷം അൽ നസർ ക്ലബ്ബും സൗദി പ്രോ ലീഗും ഒരുപോലെ മാറിയിരിക്കുകയാണ്. ലോകത്തെ പ്രധാന ലീഗുകൾക്കൊപ്പമാണ് ഇന്ന് സൗദി പ്രോ ലീഗിൻെറ സ്ഥാനം. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന മത്സരങ്ങൾക്കായി ലോകം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അൽ നസർ ക്ലബ്ബിനും ആരാധകരുടെ കാര്യത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.
റൊണാൾഡോ എത്തിയതിന് ശേഷമുള്ള ആദ്യ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ അൽ നസർ ഇക്കുറി എങ്ങനെയും കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. സീസണിൻെറ തുടക്കത്തിൽ അൽപം പിന്നിലായിരുന്ന ക്ലബ്ബ് ഇപ്പോൾ കിടിലൻ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. 5 മത്സരങ്ങളിൽ നിന്ന് 3 വിജയമടക്കം 9 പോയൻറുമായി ടീം ആറാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങളിലും അൽ നസർ പരാജയപ്പെട്ടിരുന്നു.
സഹതാരങ്ങളുടെ ക്രിസ്റ്റ്യാനോക്കൊപ്പമുള്ള കോമ്പിനേഷനാണ് ടീമിൻെറ തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് കാരണമായത്. അൽ ഹസം എഫ‍്സിക്കെതിരായ തകർപ്പൻ വിജയത്തിന് ശേഷം അൽ നസർ എഫ‍്‍സിയിലെ മറ്റൊരു സൂപ്പർ താരത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. ക്രിസ്റ്റ്യാനോക്കൊപ്പം ഒത്തണക്കത്തോടെ കളിക്കുന്ന മാഴ‍്‍സലോ ബ്രോസോവിച്ചിനെയാണ് ആരാധകർ പുകഴ്ത്തുന്നത്.
മുപ്പതുകാരനായ മാഴ‍്‍സലോ ബ്രോസോവിച്ച് ഇറ്റാലിയൻ ലീഗായ സീരി എയിൽ നിന്നാണ് അൽ നസറിലെത്തുന്നത്. ക്രൊയേഷ്യൻ മധ്യനിര താരമായ ബ്രോസോവിച്ച് നേരത്തെ ഇൻറർ മിലാനിലാണ് കളിച്ചിരുന്നത്. ലീഗിലെ നാല് മത്സരങ്ങളിൽ താരം ഇതിനോടകം കളിച്ചിരുന്നു. സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഇടംപിടിച്ച മാഴ‍്‍സലോ ബ്രോസോവിച്ച് ഒരു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.
അൽ ഹസമിനെതിരായ മത്സരത്തിൽ ബ്രോസോവിച്ച് ഗോളുകളിലൊന്നും തന്നെ നേരിട്ട് പങ്കാളിയായിരുന്നില്ല. എന്നാൽ മധ്യനിരയിൽ കളി മെനയുന്നതിൽ താരം മുന്നിലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്തെത്തിക്കുന്നതിലും താരം വിജയിച്ചു. അൽ ഹസം എഫ്സിയെ അൽ നസർ എഫ്സി 5-1നാണ് പരാജയപ്പെടുത്തിയിരുന്നത്.
അവൻ ഈ ടീമിൻെറ ഹൃദയമാണ്… അൽ നസർ എഫ‍്‍സി ഏറെക്കാലമായി കാത്തിരുന്നത് ഇത് പോലൊരു മധ്യനിര താരത്തിന് വേണ്ടിയാണ്. ഒരു ആരാധകൻ എക്സിൽ (പഴയ ട്വിറ്റർ) കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ബ്രോസോവിച്ചും റൊണാൾഡോയും തമ്മിലുള്ള കളിക്കളത്തിലെ ബന്ധത്തെക്കുറിച്ച് ഒരു പഠനം തന്നെ നടത്തണം. ഇത് നമ്മുടെ ഭാഗ്യം തന്നെയാണ്. മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടിയിരുന്നത് ബ്രോസോവിച്ചിനെ പോലുള്ള ഒരു മധ്യനിര താരത്തെയാണ്. അൽ നസർ കൊണ്ടു വന്ന ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ അവനാണ്. എങ്ങനെയാണ് യൂറോപ്പിൽ നിന്ന് താരത്തെ സൗദി ലീഗിലെത്തിക്കാൻ സാധിച്ചതെന്ന് പോലും ആരാധകർ അത്ഭുതപ്പെടുന്നുണ്ട്.
അല്‍ ഹസം എഫ്സിക്ക് എതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വമ്പൻ നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ഗോളിന് അസിസ്റ്റ് നടത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനായി ഒരു ഗോൾ അടിക്കുകയും ചെയ്തു. അല്‍ ഹസം എഫ്സിക്ക് എതിരേ ഗോള്‍ നേടിയതോടെ കരിയറില്‍ 850 ഗോള്‍ എന്ന റെക്കോഡാണ് റൊണാൾഡോ സ്വന്തമാക്കിയത്.
ലോകത്ത് ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ താരമാണ് റൊണാള്‍ഡോ. തൻെറ ഫുട്ബോൾ കരിയറിൽ പോര്‍ച്ചുഗലിനായി 123 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ക്ലബ് ഫുട്ബോളിൽ റയല്‍ മാഡ്രിഡിനായി 450, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കു വേണ്ടി 145, യുവന്റസ് ജഴ്‌സിയില്‍ 101, അല്‍ നസര്‍ എഫ്സിക്കു വേണ്ടി 26, സ്‌പോര്‍ട്ടിംഗ് സിപിക്കു വേണ്ടി അഞ്ച് എന്നിങ്ങനെയാണ് ഗോളടിച്ചിട്ടുള്ളത്.