ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ ഇസ്രായേലിലെ ഓഫീസില്‍ ഇസ്രായേല്‍ പോലിസ് റെയ്ഡ് നടത്തുകയും ചാനലിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.
‘പോലീസിന്റെ പിന്തുണയോടെ, ജറുസലേമിലെ അല്‍ ജസീറ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും അതിന്റെ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തതായി ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കാര്‍ഹി തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു. ഇസ്രയേലിലെ അല്‍ ജസീറയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ അല്‍ ജസീറ ടെലിവിഷന്‍ അടച്ചുപൂട്ടാന്‍ അനുവദിക്കുന്ന നിയമം പാസാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഈ നിയമ പ്രകാരം ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ നെറ്റ്വര്‍ക്കുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ദോഷം ഉണ്ടാക്കുന്നുവെന്ന് പ്രതിരോധ മന്ത്രിക്ക് ബോധ്യപ്പെട്ടാല്‍ അവ അടച്ചു പൂട്ടുകയും അവയുടെ ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യാന്‍ കമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രിക്ക് അധികാരമുണ്ട്.
അതേസമയം, തങ്ങളുടെ ചാനല്‍ ഓഫീസ് അടച്ചുപൂട്ടാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ അല്‍ ജസീറ അപലപിച്ചു. ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ ഈ തീരുമാനം ‘ക്രിമിനല്‍ പ്രവൃത്തി’യാണെന്ന് ചാനല്‍ കുറ്റപ്പെടുത്തി. ലോകം കഴിഞ്ഞ ദിവസം മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ചപ്പോള്‍ ഇസ്രായേല്‍ ഗവണ്‍മെന്റ് അല്‍ ജസീറയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ചാനലിന്റെ ഉള്ളടക്കം ലഭ്യമാകുന്നതില്‍ നിന്ന് പൊതുജനങ്ങളെ തടഞ്ഞ പ്രവര്‍ത്തനം അവരുടെ അവകാശത്തിനെതിരായ അതിക്രമമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ അവഗണിക്കുന്നതാണെന്നും അല്‍ ജസീറ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ ഇസ്രായേല്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെ അപലപിക്കാനും ഉത്തരവാദികളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും മാധ്യമ സ്വാതന്ത്ര്യവുമായും മനുഷ്യാവകാശങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നതായും അല്‍ ജസീറ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലുമായുള്ള യുദ്ധം നടക്കുന്ന ഗാസയില്‍ നിന്ന് നേരിട്ട് സംപ്രേഷണം ചെയ്യുന്ന ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒന്നാണ് അല്‍ ജസീറ. ഇസ്രായേല്‍ വ്യോമാക്രമണത്തിന്റെയും തുടര്‍ന്നുള്ള കൂട്ട പലായനങ്ങളുടെയും ആശുപത്രികളിലെ ദനയീയ അവസ്ഥകളുടെയും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. ഇതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.