Gulf

വീട് വിട്ടിറങ്ങിയ 14കാരനെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി അജ്മാന്‍ പോലീസ്

Published

on

അജ്മാന്‍: മാതാപിതാക്കളെ അറിയിക്കാതെ പുലര്‍ച്ചെ അജ്മാനിലെ വീട് വിട്ടിറങ്ങിയ 14കാരനെ പോലീസ് കണ്ടെത്തി. വിവരം ലഭിച്ച് മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്താന്‍ അജ്മാന്‍ പോലീസിന് സാധിച്ചതായി ഉന്നത ഉദ്യോഗസ്ഥന്‍ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി കോംപ്രിഹെന്‍സീവ് ജുര്‍ഫ് സെന്ററിന്റെ അന്വേഷണ വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ അഹമ്മദ് സാല്‍ അല്‍ റമേത്തി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. മകന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയതായി മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം ഉടന്‍ തന്നെ കുട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

പ്രത്യേക സംഘം മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തുകയും മകന്‍ സുരക്ഷിതനാണെന്ന് പിതാവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിന്റെ സോഷ്യല്‍ സപ്പോര്‍ട്ട് ടീം കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. സുരക്ഷിതമായി കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തിയ പോലീസ് സംഘത്തിന് നന്ദി രേഖപ്പെടുത്തി.

മകന് കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കുമെന്ന് അറിയിച്ച രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയെ വിട്ടയക്കുകയും ചെയ്തു. കുട്ടികളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് ക്യാപ്റ്റന്‍ അല്‍ റമേത്തി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുട്ടികള്‍ വീട്ടുകാര്‍ അറിയതെ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version