കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കാര്‍ഗോ വിമാന സര്‍വീസിന് ഇന്ന് തുടക്കം. വൈകുന്നേരം നാലിനു ഷാര്‍ജയിലേക്കാണ് ആദ്യ വിമാനം. 18നു രാത്രി ഒന്‍പതിന് രണ്ടാമത്തെ വിമാനം ദോഹയിലേക്ക് സര്‍വീസ് നടത്തും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍വീസ് ഉണ്ടായിരിക്കുക. ഓണം പ്രമാണിച്ച് 23 മുതല്‍ 27 വരെ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാകും. ആദ്യ കാര്‍ഗോ വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരുന്നതോടെ കണ്ണൂരിന്‍റെ വലിയ പ്രതിസന്ധിയാണ് മറികടക്കുന്നത്. കൊച്ചി ആസ്ഥാനമായ ദ്രവിഡിയന്‍ ഏവിയേഷന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡാണ് സര്‍വീസ് നടത്തുന്നത്.
പഴം, പച്ചക്കറി, വാഴയില, പൂക്കള്‍ എന്നിവയാണ് ആദ്യ വിമാനങ്ങളില്‍ ലഭിച്ചിട്ടുള്ള ചരക്കുകള്‍. ഓണത്തിനോടടുത്തുള്ള ചരക്കുകളാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളം വഴി കടല്‍ കടക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ കയറ്റുമതിയില്‍ വന്‍ സാധ്യതയാണ് മുന്നിലേക്ക് തുറന്നിട്ടുള്ളത്. ഇനി കണ്ണൂരിലെ സാധനങ്ങളെല്ലാം കടല്‍ കടക്കുന്നവരോടൊപ്പം എത്തും. കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്പ നിര്‍മാണം, മണ്‍ പാത്ര നിര്‍മാണം, പായ നിര്‍മാണം, മുളയുല്‍പന്നങ്ങള്‍ തുടങ്ങി ഉത്തരമലബാറിന്‍റെ പരമ്പരാഗത മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കും ചാര്‍ട്ടര്‍ എയര്‍ ക്രാഫ്റ്റ് സംവിധാനം ഗുണകരമാവും.
കാര്‍ഗോ സര്‍വീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിങ് 737-1 വിമാനത്തില്‍ 10 ടണ്‍ ഭാര ശേഷിയുണ്ട്. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന യാത്രാവിമാനങ്ങളില്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പരിമിതിയാണ് കാര്‍ഗോ വിമാനം വരുന്നത് വഴി പരിഹരിക്കുകയെന്ന് മാനേജിങ് ഡയറക്ടര്‍ ഉമേഷ് കാമത്ത് പറഞ്ഞു. പാസഞ്ചര്‍ എയര്‍ ക്രാഫ്റ്റില്‍ യാത്രക്കാരുടെ ലഗേജുകള്‍ കഴിഞ്ഞാണ് ചരക്കുനീക്കത്തിന് സ്ഥലം അനുവദിക്കാറുള്ളത്. പലപ്പോഴും യാത്രക്കാരുടെ ലഗേജുകള്‍ കാരണം ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കില്ലെന്ന സംശയം കൊണ്ട് കൂടുതല്‍ ചരക്കുകള്‍ വഹിക്കാന്‍ പൈലറ്റുമാര്‍ സമ്മതിക്കാറില്ലെന്നും ഉമേഷ് കാമത്ത് പറഞ്ഞു.
നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് യാത്രാ വിമാനങ്ങളിലാണ് ചരക്കുകള്‍ അയക്കുന്നത്. ഒരു വിമാനത്തില്‍ രണ്ട് ടണ്‍ ചരക്കുകള്‍ മാത്രമാണ് കൊണ്ടുപോകുന്നത്. അടുത്ത മാസം ഒമാന്‍, ദമാം എന്നിവിടങ്ങളിലേക്കും കാര്‍ഗോ വിമാന സര്‍വീസ് ആരംഭിക്കും. കണ്ണൂരിലേക്ക് തിരിച്ചും ചരക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ചരക്കു നീക്കമെങ്കിലും യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശമുണ്ട്. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിലവിലുള്ള കാര്‍ഗോ ടെര്‍മിനല്‍ വഴി ഇതുവരെ 6000 മെട്രിക് ടണ്‍ ഉത്പന്നങ്ങളാണ് കയറ്റി അയച്ചതെന്ന് കണ്ണൂര്‍ വിമാനത്താവളം കാര്‍ഗോ ഹെഡ് ടിടി സന്തോഷ്‌കുമാര്‍ പറഞ്ഞു. പുതിയ കാര്‍ഗോ ടെര്‍മിനല്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 58000 മെട്രിക് ടണ്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യമിവിടെയുണ്ട്. നിലവില്‍ 12000 മെട്രിക് ടണ്ണാണ് ശേഷി. കണ്ണൂരിനെ കേരളത്തിലെ പെരിഷബിള്‍ കാര്‍ഗോ ഹബ്ബായി മാറ്റുകയാണ് കിയാല്‍ ലക്ഷ്യമിടുന്നത്.
രംഗത്തെ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കണ്ണൂരിന്‍റെയും പരിസരപ്രദേശങ്ങളിലേയും ടൂറിസം രംഗത്ത് കുതിപ്പേകാനായി ചെറുവിമാനങ്ങള്‍, ഹെലികോപ്റ്റര്‍ സര്‍വീസ് എന്നിവ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. ഇത് വരുന്നതോടെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ആകും ഉണ്ടാകുക. വിദേശത്തുനിന്ന് കൂടുതല്‍ ആളുകള്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നിറങ്ങുക കണ്ണൂരില്‍ ആയിരിക്കുമെന്നുള്ളതാണ് പ്രത്യേകത.