ഇന്ത്യയിലെ നഗരങ്ങളിൽ പലതിലും 5ജി നെറ്റ്വർക്ക് എത്തിച്ചിട്ടും കേരളത്തെ അവഗണിച്ചിരുന്ന എയർടെൽ ഒടുവിൽ സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ കൂടി 5ജി പ്ലസ് (Airtel 5G) സേവനം ലഭ്യമാക്കി. നേരത്തെ തന്നെ കൊച്ചിയിൽ എയർടെൽ 5ജി പ്ലസ് ലഭ്യമായിരുന്നു. ഇപ്പോൾ പുതിയ തലമുറ നെറ്റ്വർക്ക് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവടങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലെ മൂന്ന് ജില്ലകളിൽ കൂടി എയർടെൽ 5ജി അവതരിപ്പിച്ചതോടെ സംസ്ഥാനത്ത് എയർടെൽ 5ജി സേവനം ലഭ്യമായ ജില്ലകളുടെ എണ്ണം നാലായി. ഇന്ത്യയിൽ ആകെ 70 നഗരങ്ങളിലാണ് എയർടെൽ 5ജി സേവനം ലഭ്യമായിട്ടുള്ളത്. കേരളത്തിലെ നാല് ജില്ലകളിലുമുള്ള ആളുകൾക്ക് അവരുടെ 5ജി ഡിവൈസുകളിൽ ഇപ്പോൾ അതിവേഗ ഇന്റർനെറ്റ് ലഭിക്കും.
എയർടെൽ 5ജി പ്ലസിന്റെ ഏറ്റവും മികച്ച കാര്യം 4ജി സിം കാർഡ് ഉപയോഗിച്ച് തന്നെ 5ജി ആക്സസ് ചെയ്യാം എന്നതാണ്. 5ജിക്കായി പ്രത്യേക പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടില്ല എന്നതുകൊണ്ട് ഉപഭോക്താക്കൾക്ക് 4ജി പ്ലാനുകളിലൂടെ തന്നെ 5ജി ആസ്വദിക്കാം. എയർടെൽ 5ജി നെറ്റ്വർക്ക് സപ്പോർട്ട് ചെയ്യുന്ന ഫോൺ മാത്രമാണ് ഇതിനായി വേണ്ടത്. ഇന്ത്യയിൽ മിക്കയിടത്തും 5ജി എത്തിക്കാതെ 5ജി പ്ലാനുകൾ പ്രഖ്യാപിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടണ്ട്.
തിരുവനന്തപുരം ജില്ലയിലെ വഴുതക്കാട്, തമ്പാനൂർ, കിഴക്കേക്കോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള എന്നിവിടങ്ങളിലാണ് എയർടെല്ലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാകുന്ന്. തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലും ടൂറിസ്റ്റുകൾ അധികമായി വരുന്ന ഇടങ്ങളിലും എയർടെൽ 5ജി നെറ്റ്വർക്ക് ലഭ്യമാകുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കോഴിക്കോട് ജില്ലയിലെ നടക്കാവ്, പാളയം, കല്ലായി, വെസ്റ്റ്ഹിൽ, കുറ്റിച്ചിറ, എരഞ്ഞിപ്പാലം, മീഞ്ചന്ത, തൊണ്ടയാട്, മലാപ്പറമ്പ്, എലത്തൂർ, കുന്നമംഗലം എന്നിവിടങ്ങളിലാണ് എയർടെല്ലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
തൃശൂർ ജില്ലയിലെ രാമവർമപുരം, തൃശൂർ റൗണ്ട്, കിഴക്കേകോട്ട, കൂർക്കഞ്ചേരി, ഒളരിക്കര, ഒല്ലൂർ, മണ്ണുത്തി, നടത്തറ എന്നിവിടങ്ങളിൽ എയർടെല്ലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാകും.
എയർടെൽ 5ജി
4ജി നെറ്റ്വർക്കുകൾക്ക് നൽകുന്നതിനെക്കാൾ 20 മടങ്ങ് മുതൽ 30 മടങ്ങ് വരെ വേഗതയാണ് എയർടെൽ 5ജി പ്ലസ് നെറ്റ്വർക്കിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 2024 മാർച്ചോടെ ഇന്ത്യയിലെ മിക്കവാറും പ്രദേശങ്ങളിൽ എയർടെല്ലിന്റെ 5ജി നെറ്റ്വർക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ കേരളത്തിലെ മറ്റ് ജില്ലകളും ഉൾപ്പെടും.
5ജിയിലൂടെ ഉപഭോക്താക്കൾക്കും സംരംഭങ്ങൾക്കും ഉണ്ടാകുന്ന ഡിജിറ്റൽ സാധ്യതകൾ വലുതാണ്. എയർടെൽ 5ജി പ്ലസ് ഇപ്പോൾ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും 70 നഗരങ്ങളിൽ ലഭ്യമാണ്. എയർടെൽ 5ജി എൻഎസ്എ (നോൺ-സ്റ്റാൻഡലോൺ) നെറ്റ്വർക്കാണ് നൽകുന്നത്. രാജ്യത്തുള്ള 5ജി സപ്പോർട്ട് ചെയ്യുന്ന മിക്ക സ്മാർട്ട്ഫോണുകളിലും എയർടെൽ 5ജി ലഭ്യമാകും. റിലയൻസ് ജിയോ ഇതിനകം 100ൽ അധികം നഗരങ്ങളിൽ 5ജി ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെയും നിരവധി നഗരങ്ങളിൽ ജിയോ 5ജി ലഭ്യമാണ്.