Gulf

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളുടെ സേവനത്തിനുള്ള ചാര്‍ജുകള്‍ ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Published

on

അബുദാബി: മുതിര്‍ന്നവര്‍ക്ക് ഒപ്പമല്ലാതെ വിമാന യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഈടാക്കുന്ന സേവനത്തിനുള്ള ചാര്‍ജുകള്‍ ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടിക്കറ്റ് നിരക്കിന് പുറമെ നല്‍കുന്ന മൈനര്‍ സര്‍വീസ് ചാര്‍ജുകള്‍ 5,000 രൂപയില്‍ നിന്ന് (ഏകദേശം 221 ദിര്‍ഹം) 10,000 രൂപയായി (ഏകദേശം 442 ദിര്‍ഹം) വര്‍ധിപ്പിച്ചു.

യുഎഇ പ്രവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള വര്‍ധനവ് പുറംലോകമറിയുന്നത്. ഇന്ത്യയിലെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ കാരിയറായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടിയെ കുറിച്ച് യുഎഇ നിവാസിയും ഇന്ത്യന്‍ ബാലതാരവും മോഡലുമായ ഇസിന്‍ ഹാഷ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഇസിന്‍ ഹാഷ് നിരക്കുകള്‍ വര്‍ധിപ്പിച്ചതില്‍ ആശ്ചര്യം രേഖപ്പെടുത്തിയാണ് പോസ്റ്റിട്ടത്.

ഇത് രണ്ടാം തവണയാണ് താന്‍ മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുന്നതെന്ന് 10 വയസ്സുകാരന്‍ വീഡിയോയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് 5,000 രൂപയായിരുന്നു ഇതുവരെയുള്ള സര്‍വീസ് ചാര്‍ജ്. ഇപ്പോഴത് 10,000 രൂപയായി ഉയര്‍ന്നു. തന്നെപ്പോലുള്ള കുട്ടികള്‍ക്ക് വിമാനത്തിലുള്ള പ്രത്യേക സേവനം വളരെ ഉപകാരപ്രദമാണ്. വിമാനത്തിലെ ജീവനക്കാരും മികച്ചവരാണ്. കഴിഞ്ഞ മാസം വേനലവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നിരക്ക് വര്‍ധന ശ്രദ്ധിച്ചത്. ഇതുകൂടാതെ അഞ്ചിനും 12നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള നിരക്കിളവ് വിമാന കമ്പനി നിര്‍ത്തലാക്കിയെന്നും ഇസിന്‍ ഹാഷ് വെളിപ്പെടുത്തി.

ഒറ്റയ്ക്ക് യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 450 ദിര്‍ഹമാണ് സര്‍വീസ് ചാര്‍ജെന്നും രണ്ട് മാസം മുമ്പ് നിരക്കുകള്‍ പരിഷ്‌കരിച്ചതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ടിക്കറ്റ് നിരക്കിന് പുറമേയാണ് കുട്ടികളുടെ സേവനത്തിന് അധിക ചാര്‍ജ് വാങ്ങുന്നത്. 2018ലാണ് ദുബായ് എയര്‍പോര്‍ട്ടുകളിലേക്കും തിരിച്ചും മുതിര്‍ന്നവര്‍ക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക ചാര്‍ജ് ഏര്‍പ്പെടുത്തിയത്.

അഞ്ചിനും 18നുമിടയില്‍ പ്രായമുള്ളവരെയാണ് യുഎഇയില്‍ പ്രായപൂര്‍ത്തിയാകാത്തവരായി കണക്കാക്കുന്നതെന്ന് എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ചിനും 16 നും ഇടയില്‍ പ്രായമുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്.

65 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്ക് 2021ലാണ് ടാറ്റ ഗ്രൂപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഗ്രൂപ്പായ വിസ്താരയുമായി ലയിപ്പിച്ച് എയര്‍ ഇന്ത്യ പുതിയ യൂണിഫോം രൂപകല്‍പന ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version