ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായതോടെ ഇസ്രായേലിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരുള്ള ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവീസാണ് റദ്ദാക്കിയത്. ഈ മാസം പതിനാലുവരെയുള്ള സർവീസുകളാണ് നിർത്തിയത്.
തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലെ വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് എയർ ഇന്ത്യയുടെ വക്താവ് അറിയിച്ചു.
ഇസ്രായേലിലേക്കുള്ള പല വിമാനസർവീസുകളും വിവിധ വിമാന കമ്പനികൾ റദ്ദാക്കി. ജർമ്മൻ എയർലൈൻസ് ലുഫ്താൻസ, ടർക്കിഷ് എയർലൈൻസ്, സ്വിസ് എയർ എന്നിവയും ഇസ്രായേലിലേക്കുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ചു. ന്യൂയോർക്ക് സിറ്റിയിലെ ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇസ്രായേലിലേക്കുള്ള ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കൻ എയർലൈൻസും ഡെൽറ്റ എയർ ലൈൻസും റദ്ദാക്കി. ജർമ്മൻ എയർലൈനായ ലുഫ്താൻസ എയർലൈൻസ് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി.
ആയിരക്കണക്കിന് ഇന്ത്യക്കാർ ഇസ്രായേലിൽ തുടരുന്നതിനാൽ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കണമെന്നും നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി ആവശ്യമെങ്കിൽ ബങ്കറുകളിൽ തുടരണം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് കൂടുതൽ ഇന്ത്യക്കാരുള്ളത്. ഇന്ത്യക്കാർക്ക് ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഹമാസ് നടത്തിയ ആക്രമണത്തിന് ഗാസയിൽ ഇസ്രായേൽ പ്രത്യാക്രമണം തുടരുകയാണ്. ഗാസയിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.