Tech

ആപ്പിൾ ഐഫോൺ 15 ലോഞ്ചിന് മുന്നോടിയായി ഐഫോൺ 13ന് വൻ വിലക്കുറവ് പ്രഖ്യാപിച്ചു

Published

on

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടും ആമസോണും നൽകുന്നത്. ഐഫോൺ 13 (iPhone 13) എന്ന ജനപ്രിയ മോഡൽ വൻവിലക്കിഴിവിൽ നൽകുകയാണ് രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും. ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐഫോൺ 13യുടെ വില കുറച്ചിരിക്കുന്നത്. പുതിയ തലമുറ മോഡലുകൾ വരുന്നതിന് മുമ്പ് സ്റ്റോക്കുകൾ വിറ്റുതീർക്കാനാണ് ഈ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

ആമസോണിലും ഫ്ലിപ്പ്ർട്ടിലും നിലവിൽ ഐഫോൺ 13 ലിസ്റ്റ് ചെയ്തിരിക്കുന്നത് 58,999 രൂപ മുതലുള്ള വിലയിലാണ്. ഈ 5ജി ഫോൺ വാങ്ങുന്നവർക്ക് ബാങ്ക് ഓഫറുകളും മറ്റ് കിഴിവുകളും കമ്പനി നൽകുന്നുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫറില്ലാതെ തന്നെ 58,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. കൂടുതൽ കിഴിവ് ആവശ്യമുള്ള ആളുകൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ഐഫോൺ 13യുടെ വില 56,999 രൂപയായി കുറയ്ക്കാം. ഫ്ലിപ്പ്കാർട്ടിലാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഫർ ലഭിക്കുന്നത്.

ആമസോണിൽ നിലവിൽ ബാങ്ക് ഓഫറുകളൊന്നും നൽകുന്നില്ല. രണ്ട് പ്ലാറ്റ്‌ഫോമുകളും എക്‌സ്‌ചേഞ്ച് ഓഫറുകൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ നിലവിലുള്ള പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് കുറഞ്ഞ വിലയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. നിങ്ങളുടെ പഴയ ഫോണിന്റെ പഴക്കവും അവസ്ഥയും കണക്കിലെടുത്താണ് എക്‌സ്‌ചേഞ്ച് ഓഫർ കണക്കാക്കുക. കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ടും ആമസോണും നൽകുന്ന അവസരം ഉപയോഗിക്കാം.

പുറത്ത് വന്ന വിവരങ്ങൾ അനുസരിച്ച് ക്യാമറ, ചിപ്‌സെറ്റ്, ഡിസൈൻ എന്നിവയുടെ കാര്യത്തിലെല്ലാം ഐഫോൺ 15 സീരീസിൽ കാര്യമായ അപ്ഡേറ്റുകൾ ഉണ്ടായിരിക്കും. പക്ഷേ ഈ അപ്‌ഗ്രേഡുകൾക്ക് അനുസരിച്ച് ഐഫോൺ 15യുടെ വിലയും വളരെ കൂടുതലായിരിക്കും. ഒരുപക്ഷേ ഏകദേശം 80,000 രൂപയോ അതിൽ കൂടുതലോ ആയിരിക്കും പുതിയ മോഡലിന്റെ വില. ഏറ്റവും പുതിയ ഫീച്ചറുകൾക്കായി കൂടുതൽ ചിലവാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങൾക്കിപ്പോൾ ഐഫോൺ 13 വാങ്ങുന്നത് തന്നെയാണ് ലാഭകരം.

രണ്ട് വർഷം പഴക്കമുള്ള 5ജി സ്മാർട്ട്ഫോൺ മോഡലാണ് ഐഫോൺ 13 എങ്കിലും കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 14യുമായി ഇതിന് നിരവധി സാമ്യതകളുണ്ട്. നിലവിൽ ഐഫോൺ 14 ഇന്ത്യയിൽ വിൽപ്പന നടത്തുന്നത് 65,000 രൂപയ്ക്ക് മുകളിൽ വിലയിലാണ്. ഐഫോൺ 13യും ഐഫോൺ 14യും തമ്മിൽ ഡിസൈനിലും ക്യാമറയിലും ചിപ്പ്സെറ്റിലുമെല്ലാം സമാനത പുലർത്തുന്നതിനാൽ ഐഫോൺ 13 പഴയതാണ് എന്ന് അനുഭവപ്പെടുകയുമില്ല.

ഐഫോൺ 15 ലോഞ്ച് ചെയ്തതിന് ശേഷം ഐഫോൺ 13, ഐഫോൺ 14 എന്നിവയുടെ വില കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഐഫോൺ 13 വാങ്ങാൻ അല്പം കാത്തിരുന്നാലും കുഴപ്പമില്ല. ആപ്പിൾ ഐഫോൺ 14ക്കും മികച്ച വിലക്കുറവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്യുമ്പോൾ മുൻതലമുറ മോഡലിന് വിലക്കുറവ് ലഭിക്കാറുണ്ട്. നിലവിൽ ഐഫോൺ 14 ആപ്പിൾ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 79,900 രൂപയ്ക്കാണ്. ഐഫോൺ 13യുടെ ആപ്പിൾ സ്റ്റോറിലെ വില 69,900 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version