ദോഹ: കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിന് വിജയകമായി ആതിഥ്യമരുളിയ ഗള്‍ഫ് തീരനഗരിയുടെ മനോഹരമായ മാര്‍ത്തട്ടില്‍ മറ്റൊരു കായിക മാമാങ്കത്തിന് അരങ്ങുണരുന്നു. ജനുവരിയില്‍ ദോഹയില്‍ നടക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പ് 2024ന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോകകപ്പ് ഫുട്ബോളിന്റെ ഏഴ് വേദികള്‍ ഉള്‍പ്പെടെ ഒമ്പത് കളിത്തട്ടുകള്‍ കളിയാരവത്തിന് കാതോര്‍ക്കുകയായി.
18ാമത് ഏഷ്യന്‍ കപ്പിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെ മാത്രമാണ് ലഭിക്കുക. പണമടയ്ക്കേണ്ടതും ഓണ്‍ലൈനില്‍ തന്നെ. ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കുന്ന 51 മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഘട്ടംഘട്ടമായാണ് വിതരണം. 25 റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ്. പ്രവേശനത്തിന് ഹയാ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സംഘാടക സമിതി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൊബൈലുകളിലും ഡിജിറ്റല്‍ വാലറ്റുകളിലും ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ടിക്കറ്റ് പുനര്വില്പന നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനായി ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകളാണ് ഏഷ്യന്‍ വന്‍കരയിലെ ഫുട്ബോള്‍ രാജാക്കന്മാരാവാന് കൊമ്പുകോര്‍ക്കുന്നത്.
ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. ആതിഥേയര്‍ തന്നെയാണ് നിലിവിലെ ജേതാക്കള്‍. ഇതു മൂന്നാം തവണയാണ് ദോഹ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1988, 2011 ടൂര്‍ണമെന്റുകളാണ് മുമ്പ് നടന്നത്.
മല്‍സരങ്ങള്‍ക്കനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാവും. ഉദ്ഘാടന മത്സരത്തില്‍ 250, 100, 30 റിയാല്‍ നിരക്കുകളില്‍ ടിക്കറ്റ് ലഭ്യമാണ്. അംഗപരിമിതര്‍ക്കുള്ള അക്സസിബിലിറ്റി ടിക്കറ്റിന് 30 റിയാലാണ് വില. ഗ്രൂപ്പ് ഘട്ടങ്ങള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കും 60, 40, 25 റിയാലായിരിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ മല്‍സരങ്ങള്‍ കാണാന്‍ കാറ്റഗറി അനുസരിച്ച് 100, 60, 30 റിയാലും ഫൈനലിന് 250, 100, 30 റിയാലുമാണ് ഈടാക്കുക.
ടിക്കറ്റുകള്‍ ലഭിക്കാന്‍ http://tickets.qfa.qa/afc2023 വെബ്സൈറ്റ് സന്ദര്‍ശിക്കാം. tickets@asiancup2023.qa എന്ന ഇ-മെയിലില്‍ ടിക്കറ്റ് സംബന്ധിച്ച അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.
മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തുന്നവര്‍ക്ക് ന്യായമായ നിരക്കിലുള്ള വ്യത്യസ്ത താമസ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുമെന്നും സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ഏഷ്യന്‍ കപ്പ് സമയത്ത് രാജ്യത്തുടനീളം നിരവധി ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.