കുവൈറ്റ് സിറ്റി: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ജൂണ്‍ 17 ന് ശേഷവും നിയമവിരുദ്ധ താമസക്കാരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്കെതിരേ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് മാര്‍ച്ച് 17 ന് ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് ജൂണ്‍ 17ന് അവസാനിക്കുന്നതിനു മുന്നോടിയായാണ് ഈ മുന്നറിയിപ്പ്.
ഒന്നുകില്‍ നിശ്ചിത പിഴ അടച്ച് രാജ്യത്ത് നിയമവിധേയമായി തുടരാനോ അല്ലെങ്കില്‍ പിഴയൊന്നും അടയ്ക്കാതെ നിബന്ധനകള്‍ക്ക് വിധേയമായി രാജ്യത്തേക്ക് തിരികെ വരാനുള്ള അനുമതിയോടെ നാട്ടിലേക്ക് തിരിച്ചുപോവുകയോ ചെയ്യാനാണ് പൊതുമാപ്പിന്റെ ഭാഗമായി അനുവദിച്ചിരിക്കുന്ന ആനുകൂല്യം. പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞവരാണെങ്കില്‍ അവര്‍ ബന്ധപ്പെട്ട രാജ്യത്തിന്റെ എംബസിയില്‍ ചെന്ന് പുതിയ പാസ്പോര്‍ട്ട് നേടുകയും അവ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളിലൊന്നില്‍ എത്തിക്കുകയും ചെയ്യണം. എങ്കില്‍ ഉടന്‍ തന്നെ മന്ത്രാലയ സെര്‍വറില്‍ നിന്ന് യാത്രാനിരോധനം നീക്കി നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കും. പിഴയടക്കാതെ നാടുവിടുന്ന പ്രവാസികള്‍ക്ക് ഇപ്പോഴും നാട്ടിലേക്ക് മടങ്ങാന്‍ അവകാശമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പാസ്പോര്‍ട്ടുകള്‍ സാധുതയുള്ളതാണെങ്കില്‍ ഏതെങ്കിലും എക്‌സിറ്റില്‍ എത്തിയാല്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ രാജ്യത്തു നിന്ന് പുറത്തുകടക്കാമെന്നും അല്ലെങ്കില്‍ പിഴയടച്ച് താമസം നിയമവിധേയമാക്കാമെന്നും ആഭ്യന്തര മന്ത്രാലയം റെസിഡന്‍സി അഫയേഴ്സ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ് വാനി പറഞ്ഞു.
രണ്ട് മാസത്തിലേറെയായി തുടരുന്ന പൊതുമാപ്പ് കാലാവധിക്കിടിയില്‍ ആയിരക്കണക്കിന് പ്രവാസികള്‍ ഇതിനകം പിഴ അടച്ച് രാജ്യത്തെ താമസം ക്രമവല്‍ക്കരിക്കുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ടെങ്കിലും ആയിരക്കണക്ക് പ്രവാസികള്‍ അനധികൃതമായി രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്. പൊതുമാപ്പ് കാലാവധി തീരുന്ന ജൂണ്‍ 17ന് ശേഷം തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു ദാക്ഷിണ്യവം അനധികൃത താമസക്കാര്‍ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്.
പൊതുമാപ്പ് കാലാവധിക്ക് ശേഷം അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള വ്യാപക റെയിഡുകള്‍ രാജ്യമൊട്ടാകെ സംഘടിപ്പിക്കാനിരിക്കുകയാണ് അധികൃതര്‍. ഈ റെയിഡുകളില്‍ പിടിക്കപ്പെട്ടാല്‍ നേരത്തേ ഉണ്ടായിരുന്നതു പോലെയായിരിക്കുന്ന നിയമവിരുദ്ധ താമസക്കാരെ കൈകാര്യം ചെയ്യുകയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമലംഘനം നടത്തുന്ന പ്രവാസികള്‍ക്കും അവര്‍ക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കുന്നവര്‍ക്കും തടവും പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇങ്ങനെ പിടികൂടി നാടുകടത്തപ്പെടുന്നവര്‍ക്ക് രാജ്യത്തേക്ക് ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം പ്രവേശന നിരോധനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന 1.2 ലക്ഷത്തിലധികം പ്രവാസികള്‍ക്ക് കുവൈറ്റിലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.