മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ സെവിയ്യയിലേക്ക് മടങ്ങിയെത്തി പിഎസ്ജി സെന്റര്‍ ബാക്ക് സൂപ്പര്‍ താരം സെര്‍ജിയോ റാമോസ്. 18 വര്‍ഷത്തിന് ശേഷമാണ് പഴയ തട്ടകമായ സെവിയ്യയിലേക്ക് റാമോസ് എത്തുന്നത്. ക്ലബ്ബുമായി ഒരു വര്‍ഷത്തെ കരാറിലാണ് 37കാരനായ താരം ഒപ്പിട്ടത്.
സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരം 2005ലാണ് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറുന്നത്. 2021 വരെ റയലിന്റെ സെന്റര്‍ ബാക്ക് നിര ഭരിച്ചത് റാമോസ് ആയിരുന്നു. റയലുമായി 16 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് താരം പിഎസ്ജിയിലെത്തിയത്. കഴിഞ്ഞ ജൂണിലായിരുന്നു ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജര്‍മ്മനുമായി റാമോസിന്റെ കരാര്‍ കാലാവധി അവസാനിച്ചത്. പിന്നീട് റാമോസ് ഒരു ക്ലബ്ബിന്റേയും ഭാഗമല്ലായിരുന്നു.
ഇതോടെ റാമോസിന്റെ ട്രാന്‍സ്ഫറിനെ സംബന്ധിച്ചും നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ എതിരാളിയായി, എംഎല്‍എസ് ചാമ്പ്യന്മാരായ ലോസ് ഏഞ്ചല്‍സ് എഫ്‌സി റാമോസിനെ കൂടാരത്തിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് സൗദി ക്ലബ്ബായ അല്‍-എത്തിഹാദും ടര്‍ക്കിഷ് ക്ലബ്ബുകളും താരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.