Gulf

സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ച് പരസ്യം; വേലക്കാരികളെ ലഭ്യമാണെന്ന് അറിയിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെ യുഎഇ അധികൃതരുടെ മുന്നറിയിപ്പ്

Published

on

അബുദാബി: കുറഞ്ഞ നിരക്കില്‍ വീട്ടുവേലക്കാരികളെ വാടകയ്ക്ക് ലഭിക്കുമെന്ന വ്യാജ പരസ്യം നല്‍കി നടത്തുന്ന തട്ടിപ്പിനെതിരെ യുഎഇ അധികൃതരുടെ മുന്നറിയിപ്പ്. വേലക്കാരിയുടെ ഫോട്ടോകളോ വീഡിയോകളോ ഉള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് പലപ്പോഴും തട്ടിപ്പുകാര്‍ ആളുകളെ ആകര്‍ഷിക്കുന്നതെന്നും ഇത് കനത്ത ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്നും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

ഗാര്‍ഹിക തൊഴിലാളികളെ ലൈസന്‍സുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുള്ളൂ. തൊഴിലാളിക്ക് ആവശ്യമായ പെര്‍മിറ്റുകള്‍ ഉണ്ടെന്നും വിശ്വസനീയമാണെന്നും ഉറപ്പാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണിത്. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താനും കഴിയും. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും 600590000 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുമ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ഇടപഴകുമ്പോഴും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ തേടാനും സോഷ്യല്‍ മീഡിയയിലെ വിവരങ്ങള്‍ എപ്പോഴും രണ്ടുതവണ പരിശോധിക്കാനും ആളുകളോട് ആവശ്യപ്പെടുന്നു.

സമൂഹ മാധ്യമങ്ങളിലും മറ്റും വീട്ടുവേലക്കാരികളെ ലഭ്യമാണെന്നോ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ മറ്റ് സേവനങ്ങള്‍ ലഭ്യമാണെന്നോ പരസ്യംചെയ്യാന്‍ ലൈസന്‍സ് ആവശ്യമാണെന്ന കാര്യത്തെ കുറിച്ച് മിക്കവരും അജ്ഞരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം തട്ടിപ്പില്‍ വീഴാനുള്ള കാരണങ്ങളിലൊന്നാണ് ഈ അറിവില്ലായ്മ.

വീട്ടുജോലിക്കാര്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുള്ള സീസണുകളിലാണ് തട്ടിപ്പുകാര്‍ പലപ്പോഴും ചൂഷണത്തിന് ഇരകളെ തേടുന്നത്. ഔദ്യോഗിക ഏജന്‍സികളേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വീട്ടുജോലിക്കാരെ നല്‍കാമെന്ന് പരസ്യം ചെയ്താണ് ഇവര്‍ ഇരകളെ വലയില്‍ വീഴ്ത്തുന്നത്.

തട്ടിപ്പുകളില്‍ പെടുന്നവര്‍ക്ക് പണം നഷ്ടമായാല്‍ കുറ്റം ചെയ്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക പ്രയാസമാണ്. വേലക്കാരി രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നയാളാണോയെന്ന് പരിശോധിക്കാതെ ജോലിക്ക് നിയോഗിക്കുന്നതും കുരുക്കില്‍ അകപ്പെടാന്‍ കാരണമാവും. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്ന് യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

പ്രശസ്ത ഷോപ്പുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും ഉണ്ടാക്കി ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചും വ്യാജ തൊഴില്‍ ഓഫറുകള്‍ നല്‍കി പ്രോസസിങ് ഫീസ് ആവശ്യപ്പെട്ടും തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതായി അബുദാബി പോലീസും അറിയിച്ചിരുന്നു. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് തട്ടിപ്പുകാര്‍ നടത്തുന്ന ഫോണ്‍കോളുകളോടും സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുത്. ഒടിപി തട്ടിപ്പിനെതിരെ ഷാര്‍ജ പോലീസ് ‘ബി അവേര്‍: സ്റ്റോപ്പ്, തിങ്ക്, പ്രൊട്ടക്റ്റ്’ കാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version