ഇന്ത്യൻ സൂപ്പർ ലീഗിന്റെ (Indian Super League) പത്താം സീസണിൽ മികച്ച ഫോമിലാണ് ആരാധകരുടെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC). സീസണിലെ ആദ്യ ഒൻപത് മത്സരങ്ങളിൽ അഞ്ച് ജയവും രണ്ട് സമനിലകളും രണ്ട് തോൽവിയുമുള്ള കേരള ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ പ്രധാന പങ്കുവഹിക്കുന്ന കളിക്കാരനാണ് അഡ്രിയാൻ ലൂണ (Adrian Luna). ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ലൂണ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഇപ്പോളിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
പഞ്ചാബ് എഫ്സിക്കെതിരെ (Punjab FC) ഐ എസ് എല്ലിൽ എവേ പോരാട്ടത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. വ്യാഴാഴ്ചയാണ് ഈ മത്സരം. അതിന് തൊട്ടുമുൻപാണ് ലൂണ പരിക്കിന്റെ പിടിയിലാണെന്നും പഞ്ചാബ് എഫ്സിക്കെതിരായ മത്സരം നഷ്ടമായേക്കുമെന്നും റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. സില്ലിസാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.
കേരള ബ്ലാസ്റ്റേഴ്സ് നായകന് പരിക്കേറ്റന്ന വിവരം മാത്രമാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ വ്യക്തത ക്ലബ്ബ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. പരിക്കിനെത്തുടർന്ന് പഞ്ചാബ് എഫ്സിക്കെതിരായ കളിയിൽ ലൂണയ്ക്ക് കളിക്കാനായില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് അത് കനത്ത തിരിച്ചടിയായിരിക്കുമെന്ന കാര്യം ഉറപ്പ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ഒൻപത് മത്സരങ്ങളിലും ഇറങ്ങിയ താരമാണ് യുറഗ്വായ് താരമായ അഡ്രിയാൻ ലൂണ. ഈ സീസണിൽ മൊത്തം 808 മിനിറ്റ് കളിക്കളത്തിലുണ്ടായിരുന്ന ഈ മുപ്പത്തിയൊന്നുകാരൻ മൂന്ന് ഗോളുകൾ നേടിയതിനൊപ്പം നാല് ഗോളുകൾക്ക് അസിസ്റ്റും നൽകി. നിലവിൽ ഈ സീസണിലെ ഗോൾ വേട്ടയിൽ നാലാമതും അസിസ്റ്റ് പട്ടികയിൽ രണ്ടാമതുമാണ് ലൂണയ്ക്ക് സ്ഥാനം.
ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായ മധ്യനിര താരം ഡാനിഷ് ഫാറൂഖ് സസ്പെൻഷനെത്തുടർന്ന് പഞ്ചാബ് എഫ്സിക്കെതിരെ കളിക്കുന്നില്ല. ഇത് ടീമിനെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട് അതിനിടെയാണ് ടീമിന്റെ ഏറ്റവും മികച്ച താരമായ ലൂണയ്ക്ക് പരിക്ക് മൂലം വരുന്ന മത്സരം നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്. പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര ദുർബലമാകുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. അതേ സമയം ലൂണയ്ക്ക് പരിക്ക് മൂലം കളിക്കാനായില്ലെങ്കിൽ ജാപ്പനീസ് താരം ഡൈസുകെ സകായ് സ്റ്റാർട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
നേരത്തെ 2021-22 സീസണിലാണ് യുറഗ്വായിൽ നിന്നുള്ള മധ്യനിര താരമായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. മഞ്ഞപ്പട ഐ എസ് എൽ ഫൈനലിലെത്തിയ സീസണിൽ മിന്നും പ്രകടനമായിരുന്നു ലൂണയുടേത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആ സീസണിൽ 23 കളികളിൽ നിന്ന് ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളുമായാണ് താരം തിളങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള രണ്ടാം സീസണിലും ലൂണ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. മഞ്ഞപ്പട പ്ലേ ഓഫിലെത്തിയ 2022-23 സീസണിൽ 20 കളികളിൽ നാല് ഗോളുകളും ആറ് അസിസ്റ്റുകളുമായിരുന്നു ഈ സൂപ്പർ താരത്തിന്റെ സമ്പാദ്യം. 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട ലൂണ മിന്നും ഫോമിൽ കളിക്കുമ്പോളാണ് ഇപ്പോൾ പരിക്ക് വില്ലനായിരിക്കുന്നത്.