ഐഎസ്എൽ (ISL) ചരിത്രത്തിൽ ഇതുവരെ മിന്നുന്ന പ്രകടനങ്ങൾ നടത്തിയിട്ടും കിരീടം നേടാൻ സാധിക്കാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC). ലീഗിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മഞ്ഞപ്പടയ്ക്കാണ്. ഓരോ സീസണിലും വമ്പൻ പ്രതീക്ഷകൾ നൽകി ഒടുവിൽ നിരാശപ്പെടുത്താറുണ്ട് ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇത്തവണയെങ്കിലും അതിനൊരു പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷ.
ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കളിച്ച ആറ് മത്സരങ്ങളിൽ നാലും ടീം വിജയിച്ചിട്ടുണ്ട്. ഒരു കളി സമനിലയിലായപ്പോൾ ഒരെണ്ണത്തിൽ പരാജയപ്പെടുകയാണ് ചെയ്തത്. ആദ്യ രണ്ട് കളികളും ജയിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ സൂപ്പർതാരങ്ങളുടെ മിന്നുന്ന ഫോമാണ് ഈ സീസണിൽ ടീമിന് കരുത്ത്.
ഐഎസ്എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് ഒഴികെ മറ്റെല്ലാ ടീമുകളും ഇതിനോടകം കുറഞ്ഞത് 5 മത്സരങ്ങളെങ്കിലും പൂർത്തിയാക്കിയിട്ടുണ്ട്. ഈ ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ കളിക്കാരുടെ പട്ടികകൾ പുറത്തിറക്കിയിരിക്കുകയാണ് ഐഎസ്എൽ. കൂട്ടത്തിൽ അവസാനമായി പുറത്ത് വന്ന പട്ടിക ഏറ്റവും കൂടുതൽ ഇൻറർസെപ്ഷൻസ് നടത്തിയവരുടേതാണ്.
എതിർതാരങ്ങളുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുക്കുന്നതിൽ മിടുക്കരായ ആറ് കളിക്കാരുടെ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതിരോധ ഭടൻമാരാണ് സ്വാഭാവികമായും ഈ പട്ടികയിൽ ഇടംപിടിക്കേണ്ടത്. എന്നാൽ ഇക്കൂട്ടത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഒരാൾ കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണയാണെന്നതാണ് (Adrian Luna) രസകരമായ കാര്യം.
മഞ്ഞപ്പടയ്ക്കായി ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതും അസിസ്റ്റ് നൽകിയതും അഡ്രിയാൻ ലൂണയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഗോളടിച്ച ലൂണ ഇതിനോടകം ആറ് തവണയാണ് വല കുലുക്കിയിരിക്കുന്നത്. ഇത് കൂടാതെ രണ്ട് ഗോളുകൾക്ക് താരം അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 10 തവണയാണ് ഈ സീസണിൽ എതിരാളികളുടെ കാലിൽ നിന്നും താരം പന്ത് റാഞ്ചിയെടുത്തിട്ടുള്ളത്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് കേരള ബ്ലാസ്റ്റേഴ്സിൻെറ സൂപ്പർതാരം പ്രീതം കോട്ടാലാണ് (Pritam Kotal). ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ ഒരു അപ്രതീക്ഷിത നീക്കമായിരുന്നു കോട്ടാലിനെ ടീമിലെത്തിക്കൽ. കഴിഞ്ഞ ആറ് സീസണിൽ മഞ്ഞപ്പടയിൽ നിറഞ്ഞാടിയ സഹൽ അബ്ദുൾ സമദിനെ വിട്ടുകൊടുത്തപ്പോഴാണ് കോട്ടാലിനെ കൊണ്ടുവന്നത്. ഏതായാലും ആ നീക്കം വൻവിജയമായെന്ന് തന്നെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഗംഭീര ഫോമിൽ കളിക്കുന്ന താരം ഇതിനോടകം 6 മത്സരങ്ങളിൽ നിന്ന് 16 ഇൻറർസെപ്ഷൻസ് നടത്തിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സഹലിനെ വിട്ടുനൽകി കോട്ടാലിന് എടുത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ നേട്ടം.
പഞ്ചാബ് എഫ്സിയുടെ പ്രതിരോധ നിര താരം നിഖിൽ പ്രഭുവാണ് പ്രീതം കോട്ടാലിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. താരം 14 തവണയാണ് എതിർ കളിക്കാരന് തടസ്സം സൃഷ്ടിച്ചിട്ടുള്ളത്. ബെംഗളൂരു എഫ്സിയുടെ മോണ്ടിനെഗ്രൻ പ്രതിരോധനിര താരം സ്ലാവ്കോ ദംജാനോവിച്ചാണ് മൂന്നാമതുള്ളത്. 12 തവണ എതിർ കളിക്കാരെ താരം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ചെന്നൈയിൻ എഫ്സിയുടെ ബംഗാൾ പ്രതിരോധനിര താരം അങ്കിത് മുഖർജിയാണ് പട്ടികയിലെ നാലാമൻ. 11 ഇൻറർസെപ്ഷൻസ് നടത്തിയാണ് അങ്കിത് പട്ടികയിൽ ഇടം പിടിച്ചത്. ഒഡീഷ എഫ്സിയുടെ അമേയ് രണവാദെ 10 തവണ കളിക്കാർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ലൂണയും അമേയും 10 ഇൻറർസെപ്ഷൻസാണ് നടത്തിയിട്ടുള്ളത്.