India

വിഴിഞ്ഞത്ത് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദാനി ഗ്രൂപ്പ്

Published

on

തിരുവന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദാനി ഗ്രൂപ്പ്. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായി ചേർന്ന് അദാനി ഗ്രൂപ്പ് സംയുക്ത സംരംഭം വിഴിഞ്ഞത്ത് പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് എം എസ് സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള ചരക്കുഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന കമ്പനിയുടെ വരവ് വിഴിഞ്ഞം തുറമുഖത്ത് വികസനത്തിന്റെ അനന്തസാധ്യതകള്‍ക്കാണ് വാതില്‍ തുറക്കും.

155 രാജ്യങ്ങളില്‍ എം എസ് സി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ മദര്‍ഷിപ്പുകളിലുള്‍പ്പടെ ഏകദേശം 700ഓളം ചരക്കുകപ്പലുകള്‍ സ്വന്തമായിട്ടുണ്ട്. ഇതിലൂടെ എത്തുന്ന കണ്ടെയ്‌നറുകളുടെ നീക്കത്തിനുള്ള റീജണല്‍ ട്രാന്‍സ്ഷിപ്‌മെന്റ് കേന്ദ്രമായാണ് വിഴിഞ്ഞത്തെ പരിഗണിക്കുന്നത്. കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങള്‍ക്ക് വെല്ലുവിളിയായി വിഴിഞ്ഞം മാറാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. സഹകരണത്തിനുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്ന് അദാനി ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കമ്പനിയുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാരരംഗത്തെ കുതിപ്പിനും സഹായിക്കും. അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീന്‍ ലൈന്‍, സിഎംഎസിജിഎം, ഒഒസിഎല്‍ തുടങ്ങിയ കമ്പനികൾ വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പൂര്‍വേഷ്യന്‍, ഗള്‍ഫ്, യൂറോപ്പ് മേഖലകളിലേക്ക് ചരക്കുഗതാഗതത്തിനുതകുന്ന രീതിയിലുള്ള അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായാണ് വിഴിഞ്ഞം യഥാര്‍ഥ്യമാകുന്നത്. രാജ്യത്തെ ആഗോള ട്രാന്‍സ്ഷിപ്മെന്റ് കേന്ദ്രമാകാന്‍ വിഴിഞ്ഞത്തിനു കഴിയുമെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ തന്നെ ഏറ്റവും കിഴക്ക് -പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ നിന്ന് 10 നോട്ടിയ്ക്കല്‍ അകലം മാത്രമാണ് വിഴിഞ്ഞം തുറമുഖത്തേക്കുള്ളത്. 20 മീറ്റര്‍ ആഴമുള്ളതിനാല്‍ ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലിനും വിഴിഞ്ഞത്ത് ബെര്‍ത്ത് ചെയ്യാന്‍ കഴിയും. ഇത്തരം പ്രത്യേകതകളാണ് വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര കമ്പനികളെ വിഴിഞ്ഞത്ത് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത്.

വിദൂരത്തിരുന്നും കണ്ടെയ്നര്‍ നീക്കം നിയന്ത്രിക്കാവുന്ന രാജ്യത്തെ ആദ്യത്തെ സെമി ഓട്ടോമാറ്റഡ് കണ്ടെയ്നര്‍ ടെര്‍മിനലായിരിക്കും വിഴിഞ്ഞത്തേത്. അതിനനുസ്യതമായ ക്രെയിനുകളാണ് ബെര്‍ത്തില്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ എത്തിച്ച രണ്ടെണ്ണം കപ്പലില്‍നിന്ന് പുറത്തെത്തിച്ചു. നവംബറില്‍ കൂടുതല്‍ ക്രെയിനുകള്‍ വിഴിഞ്ഞത്ത് എത്തും. തുറമുഖം 2024 മേയില്‍ നിര്‍മാണം പൂര്‍ത്തിയായി ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് വിലയിരുത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version