മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥിര പ്രതിഷ്ഠ നേടിയ നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മുത്താരം കുന്ന് പിഒ, കള്ളൻ കപ്പലിൽ തന്നെ, പൂച്ചക്കൊരു മൂക്കുത്തി, റൗഡി രാമു തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ആറു മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മറയൂരിൽ മകളുടെ വീട്ടിലേക്ക് താമസം മാറിയത്. രവീന്ദ്രൻ നായർ എന്നാണ് യഥാർഥ പേര്. നാടക നടൻ ആയിരിക്കേ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്‍റെ പേര് മാറ്റിയത്. 1924 ഒക്റ്റോബർ 28ന് പൂജപ്പുരയിൽ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി ജനിച്ചു. പരേതയായ തങ്കമ്മയാണ് ഭാര്യ. ലക്ഷ്മി, ഹരികുമാർ എന്നിവരാണ് മക്കൾ. 2016ൽ പുറത്തിറങ്ങിയ ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. എസ്.എൽ.പുരം സദാനന്ദന്‍റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിലൂടെയാണ് ശ്രദ്ധേയനായത്.