നീലേശ്വരം: അമ്മയ്ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബക്കളം പാല്‍സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകന് ആല്ബിന് സെബാസ്റ്റ്യന്റെ (17) മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. ജില്ലയിലെ സ്ക്യൂബാ ടീം അംഗങ്ങളുടെയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുളള അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം നീന്തുമ്പോഴായിരുന്നു അപകടം. അമ്മ ദീപ നോക്കിനില്‍ക്കെയാണ് നീന്തിക്കൊണ്ടിരുന്ന ആല്‍ബിനെ കാണാതായത്. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടുകമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്നാളോളം താഴ്ചയുള്ള ബങ്കളത്തെ കുളത്തിലാണ് കുട്ടി മുങ്ങിയത്.
ഉപ്പിലക്കൈ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. രാത്രി വൈകിയും നാട്ടുകാരും അഗ്നിരക്ഷാസെനയും തിരച്ചില്‍ നടത്തിയിരുന്നു. ഇന്നു രാവിലെ കണ്ണൂര്‍ ജില്ലയില്‍ നിന്നും അഗ്നിരക്ഷാസേനയുടെ അഞ്ച് സ്ക്യൂബ ഡൈവേഴ്സ് കൂടി സ്ഥലത്ത് എത്തി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.