അബുദാബി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷയ്ക്കായി അബുദാബിയില്‍ പ്രത്യേക മെഡിക്കല്‍ സിറ്റി വരുന്നു. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പദ്ധതിക്ക് അനുമതി നല്‍കി.
ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി (എസ്‌കെഎംസി), കുട്ടികളുടെ പരിചരണത്തിനായുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് (സിഒഇ), സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കോര്‍ണിഷ് ആശുപത്രി, പുനരധിവാസ കേന്ദ്രം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മാനസികാരോഗ്യ കേന്ദ്രം എന്നിവ മെഡിക്കല്‍ സിറ്റിയില്‍ ഉള്‍പ്പെടും.
അബുദാബി ആരോഗ്യവകുപ്പും പ്യുവര്‍ ഹെല്‍ത്തും അവതരിപ്പിച്ച മെഡിക്കല്‍ സിറ്റി എമിറേറ്റിലെ ആരോഗ്യ സംരക്ഷണ രംഗത്തെ പ്രധാന മുതല്‍ക്കൂട്ടായി മാറുമെന്ന് ഷെയ്ഖ് ഖാലിദ് അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്ത് അബുദാബിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ലോകത്തെ മുന്‍നിര ആരോഗ്യ പരിപാലന കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിശിരോഗ വിഭാഗത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് (സിഒഇ) സ്ഥാപിക്കാനുള്ള എസ്‌കെഎംസിയുടെ പദ്ധതിയെക്കുറിച്ച് ഷെയ്ഖ് ഖാലിദിനെ വിശദീകരിച്ചു. യുഎഇക്ക് പുറമേ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുന്ന മികവിന്റെ കേന്ദ്രമായിരിക്കും ഇത്. ഏറ്റവും ഉയര്‍ന്ന വൈദഗ്ധ്യമുള്ള 200-ലധികം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും.
ഓങ്കോളജി, ഒഫ്താല്‍മോളജി, ന്യൂറോ സര്‍ജറി, കരള്‍-വൃക്ക-കുടല്‍ മാറ്റിവയ്ക്കല്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹൃദ്രോഗ വിഭാഗം എന്നിവ ഉള്‍പ്പെടെ 29 പ്രത്യേക വിഭാഗങ്ങള്‍ ഇവിടെയുണ്ടാവും. മാനസികാരോഗ്യ സേവനങ്ങള്‍ക്കായി 10 കിടക്കകളും ദീര്‍ഘകാല പീഡിയാട്രിക് ഹെല്‍ത്ത് കെയറിനായി 100 കിടക്കകളും ഉള്‍പ്പെടെ 250 കുട്ടികളെ കിടത്തിചികില്‍സിക്കാനുള്ള സൗകര്യങ്ങളും സെന്റര്‍ ഓഫ് എക്സലന്‍സില്‍ സജ്ജമാക്കും.
സങ്കീര്‍ണമായ ആരോഗ്യ വെല്ലുവിളികളുള്ള കുട്ടികള്‍ക്ക് ആധുനിക ചികിത്സകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണകേന്ദ്രമായും കേന്ദ്രത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു.
മികവിന്റെ കേന്ദ്രത്തിന് പുറമേ 2027 ല്‍ പ്രത്യേക ആശുപത്രിയും മെഡിക്കല്‍ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ ആശുപത്രിയില്‍ 205 കിടക്കകളുണ്ടാവും. ഇതില്‍ 90 എണ്ണം കുട്ടികള്‍ക്കുള്ളതാണ്. 15 പ്രസവ വാര്‍ഡുകളും ഇവിടെയുണ്ടാവും. 120ലധികം ഡോക്ടര്‍മാരും 460 നഴ്സിങ്, മിഡ്വൈഫറി സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന സംഘം പ്രസവചികിത്സ, ഗൈനക്കോളജി, വന്ധ്യതാനിവാരാണ ചികില്‍സ, സ്ത്രീകളുടെ മാനസികവും പൊതുവായതുമായ ആരോഗ്യം എന്നിവയില്‍ പ്രത്യേക പരിചരണം നല്‍കും.
സല്‍മ ചില്‍ഡ്രന്‍സ് റീഹാബിലിറ്റേഷന്‍ ഹോസ്പിറ്റല്‍, സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ കേന്ദ്രം എന്നിവയും മെഡിക്കല്‍ സിറ്റിയില്‍ സ്ഥാപിക്കും.