ബഹ്റെെൻ : ബഹ്റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി ഷജീറിന്റെ മകൻ സയാൻ അഹമ്മദ് ആണ് മരിച്ചത്. 15 വയസായിരുന്നു. ബഹ്റൈനിൽ ബിസിനസ് നടത്തിവരുകയാണ് ഷജീർ. ജുഫൈറിലെ അപ്പാർട്ട്മെന്റിലെ പതിനൊന്നാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് കുട്ടി വീഴുന്നത്.
ബഹ്റൈൻ ന്യൂ മില്ലേനിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥി ആയിരുന്നു. ഒമാനിൽ നിന്നും അടുത്ത കാലത്താണ് ഇവർ ബഹ്റെെനിൽ എത്തിയത്. ശനിയാഴ്ച വെെകുന്നേരം ആണ് അപകടം നടക്കുന്നത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഈ വർഷം 14 പേരെ ബഹ്റെെൻ അധികൃതർ അറസ്റ്റ് ചെയ്തു. ആറു മാസത്തിനുള്ളിലെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്ത് സംബന്ധിച്ച 10 പരാതികൾ മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റിന് ഈ സമയങ്ങളിൽ ലഭിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ മാസികയായ അൽ അമ്ന്റെ പുതയി ലക്കത്തിൽ ആണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ വർഷം 25 മനുഷ്യക്കടത്ത് കേസുകൾ ആണ് അന്വേഷിക്കുന്നത്. സ്ത്രീകളും പുരുഷൻമാരും ഇതിൽപ്പെടുന്നു. 164 ഇരകൾക്ക് മാനസികവും നിയമപരവുമായ പിന്തുണ നൽകി. 2021ൽ 73 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. 105 ഇരകളെ രക്ഷപ്പെടുത്തി. 29 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്. രണ്ട് ടൂറിസം ഔട്ട്ലറ്റുകൾക്കെതിരെ അധികൃതർ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.