മനാമ: ബഹ്റെെനിൽ മലയാളി കടയുടമയ്ക്ക് മർദനമേറ്റ് ദാരുണാന്ത്യം. കടയിൽനിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ പേകാൻ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്നു കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീർ ആണ് മരിച്ചത്. 60 വയസായിരുന്നു. ഇന്നലെ പുലർച്ചെ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരിക്കുന്നത്.
ബഷീർ 25 വർഷമായി കോൾഡ് സ്റ്റോർ ബഹ്റെെനിൽ നടത്തി വരുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം സാധനം വാങ്ങാൻ വന്ന യുവാവ് പണം നൽകാതെ പോകാൻ ശ്രമിച്ചു. ബഷീർ ഇയാളുമായി ഇക്കാര്യം സംസാരിച്ചു. തുടർന്ന് വാക്കേറ്റത്തിലേക്ക് കാര്യങ്ങൾ പോയി. ബഷീറിന് മർദനമേൽക്കുകയും അദ്ദേഹം ബോധരഹിതനായി നിലത്ത് വീഴുകയും ആയിരുന്നു. ഉടൻ തന്നെ അവിടെയുള്ള ആളുകൾ ഇദ്ദേഹത്തെ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 4 ദിവസമായി ബഷീർ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ത്യൻ എംബസി അധികൃതരും കെഎംസിസിയും വിഷയത്തിൽ ഇടപ്പെട്ടു. വലിയ ഇടപെടലുകൾ ആണ് അവർ വിഷയത്തിൽ നടത്തിയത്. തുടർന്ന് ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മയ്യത്ത് പരിപാലന വിങ്ങ് മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.
മൃതദേഹം നാട്ടിലേക്ക് എത്തിച്ച് ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു. കെഎംസിസി അംഗമായിരുന്നു ബഷീർ. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടാറുണ്ട്. നിരവധിപേരെ സഹായിക്കാനും അദ്ദേഹം രംഗത്തു വരാറുണ്ട്. ബഷീറിന്റെ വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റിയും, കോഴിക്കോട് ജില്ലാ കമ്മിറ്റിയും, റിഫ ഏരിയ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.