Sports

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഒരു പ്രധാന മാറ്റം വരും, വിദേശ താരം പുറത്ത്; സൂപ്പർ കപ്പിൽ ജംഷദ്പുർ എഫ്സിക്കെതിരായ സാധ്യത ഇലവൻ നോക്കാം

Published

on

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി (Kerala Blasters FC) കന്നിക്കിരീടത്തിലൂടെ പുതുവർഷം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ്. 2024 സൂപ്പർ കപ്പ് (Kalinga Super Cup) പോരാട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ വർഷത്തെ ആദ്യ പോരാട്ട വേദി . 2023 – 2024 ഐ എസ് എൽ സീസണിൽ 12 മത്സരങ്ങളിൽ 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ്.

ഐ എസ് എൽ പോരാട്ടത്തിന് ഇടവേള നൽകിയാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ ( എ ഐ എഫ് എഫ് ) സൂപ്പർ കപ്പ് നടത്തുന്നത്. സൂപ്പർ കപ്പ് സെമിയിൽ പ്രവേശിക്കുക എന്ന കടമ്പയാണ് ബ്ലാസ്റ്റേഴ്‌സിനു മുന്നിൽ ആദ്യം ഉള്ളത്. സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ഇതുവരെ കേരള ടീം സെമിയിൽ പ്രവേശിച്ചിട്ടില്ല.

ഗ്രൂപ്പ് ബിയിൽ രണ്ടാം ജയം പ്രതീക്ഷിച്ചാണ് കൊച്ചി ടീം തിങ്കളാഴ്ച കളത്തിൽ ഇറങ്ങുക. ജഷദ്പുർ എഫ് സി ആണ് ഗ്രൂപ്പ് ബി യിൽ രണ്ടാം മത്സരത്തിൽ കൊമ്പൻമാരുടെ എതിരാളികൾ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഷില്ലോംഗ് ലാജോംഗിന് എതിരേ ഇറങ്ങിയ ടീമിൽ ചെറിയ മാറ്റങ്ങളുമായി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ജംഷദ്പുരിന് എതിരേ അണിനിരക്കാൻ സാധ്യത.

ഷില്ലോംഗ് ലാജോംഗ് എഫ് സിക്ക് എതിരേ ഘാന സ്‌ട്രൈക്കർ ഖ്വാമെ പെപ്രയുടെ ഇരട്ട ഗോൾ മികവിൽ 3 – 1 ന് ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഒന്നാം നിര ടീമുമായി ഭുവനേശ്വറിൽ സൂപ്പർ കപ്പ് പോരാട്ടത്തിനായി എത്തിയ കൊമ്പന്മാർ രണ്ടാം ജയത്തോടെ സെമി ബെർത്ത് ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഷില്ലോംഗ് ലജോംഗിന് എതിരേ ഇറങ്ങിയ പ്രതിരോധ നിരയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജംഷദ്പുർ എഫ് സിക്ക് എതിരേ മിലോസ് ഡ്രിൻസിച്ചിനു പകരമായി ക്രൊയേഷ്യൻ സെന്റർ ഡിഫെൻഡർ മാർക്കൊ ലെസ്‌കോവിച്ച് സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങാനുള്ള സാധ്യതയുണ്ട്.

ഗ്രൂപ്പ് ബി യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ജംഷദ്പുർ എഫ് സി 2 – 1 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ കീഴടക്കിയിരുന്നു. ഐ എസ് എൽ പോരാട്ടം പുനരാരംഭിക്കുന്നതിനു മുമ്പ് ടീമിനെ ശക്തി പ്രാപിപ്പിക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ ലക്ഷ്യം. യുറഗ്വായ് പ്ലേ മേക്കർ അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്തായതിന്റെ വിടവ് നികത്തുക എന്നതാണ് ടീമിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. മൊഹമ്മദ് അസർ, മൊഹമ്മദ് ഐമൻ തുടങ്ങിയ യുവ താരങ്ങൾ ലഭിക്കുന്ന അവസരം മുതലാക്കുന്നു എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ കരുത്ത്. ഷില്ലോംഗ് ലാജോംഗിന് എതിരേ ഒരു ഗോൾ നേടിയതും മൊഹമ്മദ് ഐമൻ ആയിരുന്നു.

ജംഷദ്പുർ എഫ് സിക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതാ സ്റ്റാർട്ടിംഗ് ഇലവൻ: ഗോൾ കീപ്പർ: സച്ചിൻ സുരേഷ്. ഡിഫെൻസ്: നോച്ച സിംഗ്, പ്രബീർ ദാസ്, മിലോസ് ഡ്രിൻസിച്ച് / മാർക്കൊ ലെസ്‌കോവിച്ച്, റൂയിവ ഹോർമിപാം. മധ്യനിര : മൊഹമ്മദ് ഐമൻ, മൊഹമ്മദ് അസർ, ഡാനിഷ് ഫറൂഖ് ബട്ട്, ഡൈസുകെ സകായ്. ആക്രമണം: ക്വാമെ പെപ്ര, ദിമിത്രിയോസ് ഡയമാന്റകോസ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version