Gulf

ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ പിഴ; മുന്നറിയിപ്പുമായി സൗദി മന്ത്രാലയം

Published

on

റിയാദ്: ജൂണ്‍ രണ്ടു മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെടുന്നവര്‍ക്കാണ് പിഴ ചുമത്തുക. വിശുദ്ധ നഗരമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍, ഹജ്ജ് ഗ്രൂപ്പിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പ്രസ്താവയില്‍ വ്യക്തമാക്കി.

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ ഈ പ്രദേശങ്ങളില്‍ നിന്ന് പിടികൂടപ്പെടുന്ന സൗദി പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണ്. ഈ രീതിയില്‍ നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് മാത്രമല്ല, അതിനു ശേഷം അവരെ അവരുടെ രാജ്യത്തേക്ക് നാടുകടത്തുകയും ചെയ്യും. നിശ്ചിത കാലയളവില്‍ അവര്‍ക്ക് വീണ്ടും സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹജ്ജ് തീര്‍ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമ വിരുദ്ധമായി എത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും എല്ലാവരും പാലിച്ചാല്‍ മാത്രമേ ഇത് സാധ്യമാവൂ എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു പുറമെ, ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവരെ പിടികൂടിയാല്‍ ആറ് മാസം വരെ തടവും പരമാവധി 50,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. നിയമലംഘകരെ കടത്താന്‍ ഉപയോഗിച്ച വാഹനം കണ്ടുകെട്ടും. ആറു മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പ്രവാസിയാണെങ്കില്‍ നിയമലംഘകരെ നാടുകടത്തുകയും ചെയ്യും. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ടോള്‍ ഫ്രീ നമ്പറായ 911-ലും സൗദിയിലെ മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version