പാക്കേജിങ് ഉത്പന്നങ്ങൾ നിർമിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട് പായ്ക്ക് ഗ്ലോബൽ ദുബായിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികളെ തൊഴിൽ വിപണിയിലേയ്ക്ക് സജ്ജരാക്കി വിജ്ഞാനം പങ്കുവയ്ക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതുവഴി പ്രതിഭകളെ കണ്ടെത്തുന്നതിനുമാണ് പുതിയ ധാരണ. ഈ പങ്കാളിത്തം പാക്കേജിങ് വ്യവസായത്തിലെ ഗവേഷണത്തിനും നവീകരണത്തിനുമുള്ള ഹോട്ട്പായ്ക്ക് ഗ്ലോബലിൻ്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ദുബായ് മിഡിൽസെക്സ് യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് പ്രവർത്തന പരിശീലനത്തിനായി പുതിയ വഴികൾ സൃഷ്ടിച്ചുകൊണ്ട് വ്യവസായത്തിലെ പ്രതിഭകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
ദുബായ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റിയും വിദ്യാർഥികളും ഹോട്ട്‌പായ്ക്കുമായി ചേർന്ന് ലോകത്തിലെ പാക്കേജിങ് പ്രശ്‌നങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സുസ്ഥിര പാക്കേജിങ്ങിൽ പ്രത്യേക ഹ്രസ്വ കോഴ്‌സുകളും സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും സംയുക്തമായി വികസിപ്പിക്കുകയും ശക്തമായ വിതരണ ശൃംഖല സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. സുസ്ഥിര ഉൽപാദനം, ചാക്രികമായ സമ്പദ്‌വ്യവസ്ഥയുടെ സമ്പ്രദായങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ തുടങ്ങിയ വ്യവസായ പ്രസക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സംയുക്ത അക്കാദമിക്, അപ്ലൈഡ് റിസർച് പ്രോജക്ടുകൾ സമാരംഭിച്ചുകൊണ്ട് ഗവേഷണ സഹകരണം വളർത്തിയെടുക്കാൻ ഇൗ കൂട്ടായ്മ ലക്ഷ്യമിടുന്നു. ദുബായിലെ മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി പോലുള്ള പ്രശസ്തമായ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി സഹകരിക്കുന്നത് ഹോട്ട്‌പാക്കിൻ്റെ സുപ്രധാന നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ച് സംസാരിച്ച ഹോട്ട്പായ്ക്ക് ഗ്ലോബൽ ഗ്രൂപ്പ് സിഇഒയും മാനേജിങ് ഡയറക്ടറുമായ പി.ബി.അബ്ദുൽ ജബ്ബാർ പറഞ്ഞു. അടുത്ത തലമുറയിലെ പ്രതിഭകളെ പരിപോഷിപ്പിക്കുകയും ഒപ്പം പാക്കേജിങ് നവീകരണത്തിൽ മുൻപന്തിയിൽ നിൽക്കാൻ ഈ സഹകരണം ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ്. കമ്പനിയുടെ തുടർച്ചയായ വളർച്ചയ്ക്കും വിജയത്തിനും അക്കാദമിക ഗവേഷണത്തിൻ്റെ ഭാഗമാകൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര ഉൽപാദനം, പാക്കേജിങ് പരിഹാരങ്ങൾ, പാരിസ്ഥിതിക ആഘാത വിലയിരുത്തൽ, വിതരണ ശൃംഖലാ തന്ത്രങ്ങൾ എന്നിവയിൽ വിജ്ഞാന വിനിമയത്തിലൂടെ അക്കാദമിക് വൈദഗ്ധ്യത്തിൻ്റെയും നൂതന ഗവേഷണത്തിൻ്റെയും ഉയരങ്ങളിലെത്താൻ ഈ സഹകരണം ഹോട്ട്പായ്ക്കിനെ പ്രാപ്തമാക്കും. അതേസമയം ദുബായ് മിഡിൽസെക്സ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഹോട്ട്‌പായ്ക്കിലെ ഇൻ്റേൺഷിപ്പിലൂടെയും പ്ലേസ്‌മെൻ്റുകളിലൂടെയും വ്യവസായ അനുഭവം നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. അക്കാദമിയുമായുള്ള ഈ തന്ത്രപരമായ ബന്ധം ഹോട്ട്‌പായ്ക്കിൻ്റെ ഗവേഷണ, നവീകരണ കഴിവുകൾ വർധിപ്പിക്കുക മാത്രമല്ല, അക്കാദമിക്, ബിസിനസ് കമ്യൂണിറ്റികളിൽ അതിൻ്റെ സാന്നിധ്യം കൂട്ടുകയും ചെയ്യുമെന്നും ജബ്ബാർ വ്യക്തമാക്കി.
ഹോട്ട്‌പായ്ക്ക് എക്‌സിക്യൂട്ടീവുകളുടെ പ്രഭാഷണങ്ങളും വ്യവസായ-അക്കാദമിക് സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശിൽപശാലകളും സിംപോസിയങ്ങളും സംഘടിപ്പിക്കുന്നതും കരാറിൻ്റെ ഭാഗമായിരിക്കും. കൂടാതെ, ഹോട്ട് പായ്ക്കിൻ്റെ പ്രവർത്തനങ്ങളെയും ബിസിനസ് തന്ത്രങ്ങളെയുംക്കുറിച്ചുള്ള കേസ് പഠനങ്ങൾ വികസിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഈ പങ്കാളിത്തം രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കും.
പാക്കേജിങ് വ്യവസായത്തിലെ പ്രമുഖരായ ഹോട്ട്‌പായ്ക്ക് ഗ്ലോബലുമായി സഹകരിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് മിഡിൽസെക്സ് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാൻസലറും ദുബായ് ഡയറക്ടറുമായ പ്രഫ. സെഡ്വിൻ ഫെർണാണ്ടസ് പറഞ്ഞു. നവീകരണത്തിനും സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും അക്കാദമിക്കും വ്യവസായത്തിനും ഇടയിലുള്ള വിടവ് നികത്തേണ്ടതിൻ്റെ പ്രാധാന്യം ഈ പങ്കാളിത്തം എടുത്തുകാണിക്കുന്നു. ഞങ്ങളുടെ വിദ്യാർഥികൾക്ക് യഥാർഥ ലോക വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചുള്ള അറിവും പരിശീലനവും വാഗ്ദാനം ചെയ്യുക മാത്രമല്ല, ചലനാത്മകമായ ഒരു കോർപറേറ്റ് പരിതസ്ഥിതിയിൽ അവർക്ക് അനുഭവപരിചയം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും പ്രഫഷണൽ നെറ്റ്‌വർക്കുകൾ വിപുലീകരിക്കുന്നതിനും വ്യവസായ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നേടുന്നതിനുമുള്ള വിലയേറിയ പ്ലാറ്റ്‌ഫോമാണ് ധാരണയിലൂടെ യാഥാർഥ്യമായതെന്ന് അസോസിയേറ്റ് പ്രഫസറും സെൻ്റർ ഫോർ സപ്ലൈ ചെയിൻ എക്സലൻസ് തലവനുമായ ഡോ.ശ്രീജിത് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.
കമ്മ്യൂണിറ്റി ഇടപെടലുകളിലും വ്യാവസായിക സഹകരണത്തിലും ഹോട്ട്പായ്ക്ക് മുൻപന്തിയിലാണ് നിലകൊള്ളുന്നതെന്ന് ഹോട്ട്പായ്ക്ക് ഗ്ലോബൽ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ അഭിപ്രായപ്പെട്ടു. ഇത്തരം ഇടപഴകലിലൂടെ ഞങ്ങളുടെ പങ്കാളികൾക്ക് പരസ്പരം ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. പഠനത്തിലൂടെ ഭാവിയിലെ തൊഴിലാളികളെ പരിപോഷിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രവർത്തനപരമായി മാത്രമല്ല, വെല്ലുവിളി നിറഞ്ഞ വിപണിയെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിൽ സ്ഥാപനപരമായ സഹകരണം കോർപറേറ്റ് മേഖലയ്ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന കാഴ്ചപ്പാട് മാറ്റാൻ ഈ സംരംഭം സഹായിക്കും. കരാർ യുഎഇയിലെ കോർപറേറ്റ്-അക്കാദമിക് പങ്കാളിത്തത്തിന് പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഫൂഡ് പാക്കേജിങ് ഉൽപന്നങ്ങളുടെ നിർമാതാക്കളാണ് ഹോട്ട് പായ്ക്ക് ഗ്ലോബൽ. 4,000-ത്തിലേറെ ഇനങ്ങളുടെ പോർട്ട്‌ഫോളിയോയും 4,000 ജീവനക്കാരുടെ തൊഴിൽ ശക്തിയും കമ്പനിക്കുണ്ട്. 106-ലേറെ രാജ്യങ്ങളിൽ കമ്പനി അതിൻ്റെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, യുകെ, യുഎസ്, ഇന്ത്യ, മലേഷ്യ, ആഫ്രിക്ക എന്നിവയുൾപ്പെടെ കമ്പനി 16 രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു.