പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെ ഇന്ത്യക്കാർക്ക് അമേരിക്ക 2.5 ലക്ഷം അധികം വിസ അവസരം നൽകും. സന്ദർശകർ, വിദഗ്ദ്ധ തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് വിസ അപ്പോയിന്റ്മെന്റ് നൽകുന്നതെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. നടപടി തുടങ്ങിയെന്നും കോൺസുലേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. വിസ നടപടികൾ വേഗത്തിലാക്കണമെന്നത് ഇന്ത്യ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.
സന്ദർശക വിസയ്‌ക്കുള്ള അപ്പോയിന്റ്മെന്റിന് കാലതാമസമുണ്ട്. പുതിയ തീരുമാനം ആശ്വാസമാകും. രണ്ടാം വർഷവും 10 ലക്ഷത്തിലേറെ നോൺ-ഇമിഗ്രന്റ് വിസാ അപേക്ഷ ഇന്ത്യയിലെ യു.എസ് മിഷൻ പരിഗണിച്ചുകഴിഞ്ഞു. ഈ വർഷം ഇതുവരെ 12 ലക്ഷം ഇന്ത്യക്കാർ യു.എസ് യാത്ര നടത്തി. 2023ൽ ഇതേ കാലയളവിൽ നിന്ന് 35 ശതമാനത്തിന്റെ വർദ്ധന. സ്റ്റുഡന്റ് വിസയിലും ഇക്കൊല്ലം റെക്കാഡാണ്.
ക്വാഡ് ഉച്ചകോടി, യു.എന്നിന്റെ സമ്മിറ്റ് ഒഫ് ദ ഫ്യൂച്ചർ എന്നിവയിൽ പങ്കെടുക്കാൻ സെപ്തംബർ 21നാണ് മോദി യു.എസിലെത്തിയത്. തുടർന്ന് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ വിസാ നടപടികൾ ഉദാരമാക്കാൻ ധാരണയായിരുന്നു. ഇന്ത്യയിൽ മുംബയ്, ന്യൂഡൽഹി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് യു.എസ് കോൺസുലേറ്റുള്ളത്.
കൊവിഡിനു ശേഷം വിസ അപ്പോയിന്റ്മെന്റ് നൽകുന്നതിൽ വലിയ നിയന്ത്രണമുണ്ടായിരുന്നു. ഇത് സന്ദർശക വിസയ്ക് അപേക്ഷിച്ചവരെയാണ് വലച്ചത്. ഇപ്പോൾത്തന്നെ വിസാ അപേക്ഷകർക്ക് ആറുമാസത്തിലധികം വൈകിയാണ് അപ്പോയിന്റ്മെന്റ് നൽകുന്നത്. മോദിയുടെ ഇത്തവണത്തെ അമേരിക്കൻ സന്ദർശനമാണ് കാര്യങ്ങൾ വേഗത്തിലാക്കിയത്.
‘പ്രധാനമന്ത്രി മോദിയും പ്രസിഡന്റ്റ് ബൈഡനും ധാരണയിലെത്തിയ കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ തങ്ങളുടെ കോൺസുലേറ്റ് അക്ഷീണം പ്രവർത്തിക്കുകയാണെന്ന് യു.എസ് അംബാസഡർ ഗാർസെ പറഞ്ഞു.
2023ൽ 14 ലക്ഷം വിസ
2023ൽ യു.എസ് എംബസി പരിഗണിച്ച ഇന്ത്യൻ വിസ-14 ലക്ഷം
യു.എസിലെ ഇന്ത്യൻ വംശജർ- 51,60,203
(ജനസംഖ്യയുടെ 1.47% (2023ലെ കണക്ക്)
സ്റ്റുഡന്റ് വിസ
2021-96,000
2022-1,33,000
2023-1,40,000
യു.എസിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾ (2022-2023ലെ കണക്ക്)
2,89,526
ഇന്ത്യ-2,68,923
ദ. കൊറിയ-43,847
കാനഡ-27,876
വിയറ്റ്നാം-21,900