യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.