കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹോട്ടലുകളില്‍ ദമ്പതികളാണെന്ന രേഖയില്ലാതെ കുവൈറ്റികള്‍ക്ക് സ്വതന്ത്രമായി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ അനുവാദം നല്‍കി തുടങ്ങിയതായി രാജ്യത്തെ മാധ്യമങ്ങള്‍. വാണിജ്യ, വിനോദസഞ്ചാര മേഖലകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആക്ടിങ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ സമീപകാല തീരുമാനങ്ങളാണ് ഇതിന് കാരണമെന്നും അറബ് ടൈംസ് ചൂണ്ടിക്കാട്ടി.
കുവൈറ്റ് പുരുഷനും സ്ത്രീക്കും ദമ്പതികളാണെന്ന രേഖകള്‍ സമര്‍പ്പിക്കാതെ ഹോട്ടല്‍ മുറികള്‍ നല്‍കരുതെന്ന ലിഖിത നിയമം രാജ്യത്ത് ഇല്ലെങ്കിലും ഹോട്ടലുടമകള്‍ക്ക് വാക്കാലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം കാരണം ഇതുവരെ ഇത് അനുവദിച്ചിരുന്നില്ല. എന്നാല്‍ നിയമം നിലവിലില്ലാത്തതിനാല്‍ അത് പരിഷ്‌കരിച്ചുവെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും അവിവാഹിതരോ വിവാഹിതരോ ആയ കുവൈറ്റികള്‍ക്ക് ഹോട്ടല്‍ താമസം സ്വതന്ത്രമായി റിസര്‍വ് ചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് ഹോട്ടലുടമകള്‍ വ്യക്തമാക്കി.
ദമ്പതികളല്ലാത്ത കുവൈറ്റ് പുരുഷനോ വനിതയ്‌ക്കോ ഹോട്ടല്‍ മുറിയെടുക്കുന്നതിന് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിലക്ക് നീക്കിയെന്ന വിവരങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ ഉയര്‍ന്നതെന്ന് മാധ്യമ റിപോര്‍ട്ടില്‍ പറയുന്നു. അത്തരം താമസങ്ങള്‍ നിരോധിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ കാരണം നേരത്തേ പരാതികള്‍ ഉണ്ടായിട്ടുണ്ട്.
ഈ രീതിക്ക് വിരുദ്ധമായ പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും എല്ലാവരില്‍ നിന്നും സ്വതന്ത്രമായി ബുക്കിങ് സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. എല്ലാ അതിഥികളെയും സ്വാഗതം ചെയ്യുന്നതായ് സെന്റ് റെജിസ്, ഷെറാട്ടണ്‍ കുവൈറ്റ് ഹോട്ടലുകളുടെ ജനറല്‍ മാനേജര്‍ ഫഹദ് അബു ഷാര്‍ സ്ഥിരീകരിച്ചതായി അല്‍ റായ് ദിനപത്രം റിപോര്‍ട്ട് ചെയ്യുന്നു.
നിയമപരമായി രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്കോ പൗരന്മാര്‍ക്കോ ഹോട്ടല്‍ താമസസൗകര്യം ബുക്ക് ചെയ്യുന്നതിനോ ഹോട്ടല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനോ വിലക്കുന്ന നിയമ വ്യവസ്ഥകളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിവാഹിതരല്ലാത്തവര്‍ക്ക് തങ്ങളുടെ ഹോട്ടലുകളില്‍ മുറികള്‍ നിഷേധിക്കുന്നില്ലെന്നും അബു ഷാര്‍ തറപ്പിച്ചുപറയുന്നു.
ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെയും വിദേശ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് വിവാഹ രേഖയില്ലാതെ ഹോട്ടല്‍ റിസര്‍വേഷന്‍ അനുവദിക്കുന്നത്. ഈ നയം മാറ്റം ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് ഉടമകളും സ്ഥിരീകരിക്കുന്നു. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യം ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇതര ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസം മേഖലയെ വരുമാനത്തിനുള്ള മുഖ്യ സ്രോതസായി പരിവര്‍ത്തിപ്പിക്കുമ്പോള്‍ കുവൈറ്റും ഈ പാതയിലേക്ക് പതിയെ നീങ്ങുകയാണ്. ഇത്തരം തീരുമാനങ്ങള്‍ വാണിജ്യ, വിനോദസഞ്ചാര മേഖലകളെ ശക്തിപ്പെടുത്തുമെന്നും കുവൈറ്റിലെ ബിസിനസുകള്‍ക്കും ഹോട്ടലുകള്‍ക്കും വരുമാനം വര്‍ധിപ്പിക്കുമെന്നും പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഹോട്ടലുടമകള്‍ പ്രതീക്ഷിക്കുന്നു.