അബുദാബി: സവാളയ്ക്കു പിന്നാലെ വെളുത്തുള്ളിയും പ്രവാസികളെ ‘കരയിക്കുന്നു’. വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതോടെ ഇവ രണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയില്‍ സവാള, വെളുത്തുള്ളി ഉല്‍പാദനം കുറഞ്ഞതും പ്രാദേശിക ലഭ്യത ഉറപ്പാക്കാന്‍ കയറ്റുമതി തീരുവ 40% വര്‍ധിപ്പിച്ചതുമാണ് ഗള്‍ഫ് വിപണിയേയും ബാധിച്ചത്.
ഇന്ത്യന്‍ വെളുത്തുള്ളിക്ക് യുഎഇയില്‍ കിലോയ്ക്ക് 29 ദിര്‍ഹം (650 രൂപ) ആണ് ചെറുകിട വിപണി വില. ഓരോ കടകളിലും വ്യത്യസ്ത വിലയാണ്. ഉള്‍പ്രദേശങ്ങളിലെ ഒറ്റപ്പെട്ട കടകളില്‍ 35 ദിര്‍ഹം (791 രൂപ) വരെ ഈടാക്കുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ പ്രവാസികളുടെ അടുക്കളയില്‍ ഇന്ത്യന്‍ വെളുത്തുള്ളിക്ക് പകരം ചൈനീസ് വെളുത്തുള്ളിക്ക് പ്രവേശനം ലഭിക്കുന്നുണ്ട്.
ആവശ്യക്കാര്‍ കൂടിയതോടെ ചൈനീസ് വെളുത്തുള്ളിക്ക് ഡിമാന്റ് വര്‍ധിച്ചു. കിലോയ്ക്ക് 12 ദിര്‍ഹം (271 രൂപ) ആണ് ഏകദേശ വില. രണ്ടും ദിവസം മുമ്പ് 10 ദിര്‍ഹമിനായിരുന്നു വില്‍പന. ചൈനീസ് വെളുത്തുള്ളിക്ക് രുചിയും മണവും കുറവാണ്. എന്നാല്‍ തൊലി കളയാന്‍ സാധിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ഉള്ളിക്കും ഗള്‍ഫ് നാടുകളില്‍ തീ വിലയാണ്. രണ്ട് ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഉള്ളിക്ക് ഇപ്പോള്‍ ആറ് മുതല്‍ 12 ദിര്‍ഹം (270 രൂപ) വരെയാണ് നല്‍കേണ്ടത്. പാചകത്തിന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വെള്ള സവാളയേയും പരദേശി സവാളയേയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രവാസി ഇന്ത്യക്കാര്‍. ഇന്ത്യന്‍ ഉള്ളിയുടെ രുചി ഇവയ്ക്ക് ലഭിക്കില്ലെന്നതിനാലും ജലാംശം കൂടുതലായതിനാല്‍ വേഗത്തില്‍ വേവില്ലെന്നതിനാലും ബിരിയാണിക്കും മറ്റും വിദേശ ഉള്ളിയെ ആശ്രയിക്കാന്‍ ഹോട്ടലുകാര്‍ക്ക് സാധിക്കില്ല. തുര്‍ക്കി, ഇറാന്‍ ഉള്ളി, യൂറോപ്യന്‍ ഉള്ളി എന്നിവയ്ക്കും ഇപ്പോള്‍ ഡിമാന്റ് കൂടിയിട്ടുണ്ട്.
ഇന്ത്യയില്‍ ഉള്ളി കയറ്റുമതിക്ക് നിയന്ത്രണമുള്ളതിനാല്‍ തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഉള്ളി എത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഇഞ്ചിക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോയ്ക്ക് 270 രൂപയാണ് വില. ചൈന ഇഞ്ചി 225 രൂപയ്ക്ക് ലഭിക്കും. കൂടുതല്‍ സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
സൗദിയില്‍ ഉള്ളി ക്ഷാമം മുതലെടുത്ത് കേടായവ നല്ല ഉള്ളിയുമായി കൂട്ടിക്കലര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ച വിദേശ തൊഴിലാളികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വെയര്‍ഹൗസില്‍ കൂട്ടിക്കലര്‍ത്തല്‍ ജോലി ചെയ്തിരുന്നവരെ തബൂക്ക് നഗരസഭ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. കേടായ 1,600 കിലോ ഉള്ളി കണ്ടെടുത്തു. തബൂക്കില്‍ മൂന്നു ടണ്ണിലേറെ വരുന്ന ഉള്ളി പൂഴ്ത്തിവയ്പ് നടത്തിയതിന് സൗദി വാണിജ്യ മന്ത്രാലയ സംഘം അടുത്തിടെ വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ബിനാമി ബിസിനസ് നടത്തുന്നവരാണെന്ന് സംശയിക്കുന്നതിനാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടിയുണ്ടാവുമെന്നാണ് സൂചന.