ഷാര്‍ജ: 13-ാമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ (എസ്എല്‍എഫ്) ഫെബ്രുവരി ഏഴിന് ആരംഭിക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം 18 നാണ് സമാപിക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഷാര്‍ജയിലെ സാംസ്‌കാരിക ഇടങ്ങളും പ്രകൃതിദത്തമായ കേന്ദ്രങ്ങളും പ്രധാന ലാന്‍ഡ്മാര്‍ക്കുകളും ദീപാലംകൃതമാവും. ലോകപ്രശസ്ത കലാകാരന്മാരാണ് വൈദ്യുത ദീപങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന കലാപരമായ പ്രദര്‍ശനങ്ങള്‍ തയ്യാറാക്കുക. അന്താരാഷ്ട്ര കലാകാരന്മാര്‍ സൂക്ഷ്മമായി രൂപകല്പന ചെയ്ത പതിനഞ്ചിലധികം അതിമനോഹരമായ ലൈറ്റ് ഷോകള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കും. 12 പ്രധാന സ്ഥലങ്ങളില്‍ തുടര്‍ച്ചയായി 12 ദിവസങ്ങളിലും ഇത് കാണാം. വൈകിട്ട് 6 മണി മുതല്‍ 11 മണി വരെയാണ് പ്രദര്‍ശനങ്ങള്‍. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ തുടരും.
ഈ വര്‍ഷം പുതുതായി മൂന്ന് സ്ഥലങ്ങളെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഷാര്‍ജ പോലീസ്, ജനറല്‍ സൂഖ്, അല്‍ ഹംരിയ, കല്‍ബ വാട്ടര്‍ഫ്രണ്ട് എന്നിവയാണിവ. ഖാലിദ് ലഗൂണ്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, ബിഇഇഎഎച്ച് ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ്, അല്‍ ദൈദ് ഫോര്‍ട്ട്, ഷാര്‍ജ മസ്ജിദ്, ഷെയ്ഖ് റാഷിദ് അല്‍ ഖാസിമി മസ്ജിദ്, അല്‍ നൂര്‍ മസ്ജിദ്, അല്‍ റാഫിസ ഡാം എന്നിവിടങ്ങളില്‍ പതിവുപോലെ ദീപാലങ്കാരങ്ങളുണ്ടാവും.
ഇതിനു പുറമേ ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റി ഹാള്‍ കെട്ടിടത്തിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന ലൈറ്റ് വില്ലേജില്‍ ഫെബ്രുവരി ഒന്നു മുതല്‍ 55ലധികം ചെറുതും ഇടത്തരവുമായ ദേശീയ പദ്ധതികള്‍ പ്രദര്‍ശിപ്പിക്കും.
അത്യാധുനിക ലൈറ്റിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഷാര്‍ജയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും ആഘോഷിക്കുന്ന പരിപാടിയാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍. ലാന്‍ഡ്മാര്‍ക്കുകളുടെ മുന്‍ഭാഗങ്ങളെ വര്‍ണാഭമായ ചിത്രത്തിരശീലയാക്കി മാറ്റും. അതിമനോഹരമായ വാസ്തുവിദ്യയുടെ പേരില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട ഈ വേദികളില്‍ എമിറേറ്റിന്റെ ഭൂതകാല, വര്‍ത്തമാന, ഭാവി അഭിലാഷങ്ങള്‍ വ്യക്തമാക്കുന്ന ചലനാത്മകമായ ദൃശ്യവിവരണങ്ങള്‍ പ്രകാശവും സംഗീതവും കൊണ്ട് അനാവൃതമാവും.
ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ അഭിമാനകരമായ ഒരു ആഗോള ഇവന്റാണെന്ന് ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. എമിറേറ്റിലെ കല, സംസ്‌കാരം, പൈതൃകം എന്നിവയുടെ വിളക്കുമാടമെന്ന നിലയില്‍ ഫെസ്റ്റിവല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെയും സന്ദര്‍ശകരുടെയും മനംകവരുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എല്‍എഫിന്റെ 12ാം പതിപ്പ് ഏകദേശം 13 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. ലൈറ്റ് വില്ലേജിലെ 184,000 സന്ദര്‍ശകര്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. 2010ലാണ് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. അന്നുമുതല്‍ എമിറേറ്റിന്റെ നേട്ടങ്ങള്‍ ആഘോഷിക്കുകയാണ് എസ്എല്‍എഫ്.