കുറച്ച് കാലം മുൻപ് വരെ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ശിഖർ ധവാൻ. ശുഭ്മാൻ ഗിൽ അടക്കമുള്ള യുവ താരങ്ങൾ ടീമിലേക്ക് വന്നതോടെ ഓപ്പണറായ ശിഖറിന് പതിയെ ടീമിലെ പ്രാധാന്യം നഷ്ടമാവുകയായിരുന്നു. എന്നാൽ പ്രധാന ടീമിൽ നിന്ന് പുറത്തായെങ്കിലും കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ ധവാനുണ്ടാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
സീനിയർ താരങ്ങൾ മറ്റ് പ്രധാന ടൂർണമെന്റുകളുടെ തിരക്കിലായിരുന്നതിനാൽ യുവ താരനിരയെ ഇന്ത്യ ഏഷ്യൻ ഗെയിംസിന് അയക്കുമെന്ന് ഉറപ്പായതോടെ ധവാനെത്തേടി നായക സ്ഥാനം വന്നേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നു. എന്നാൽ ധവാനെ സ്ക്വാഡിലേക്ക് പോലും പരിഗണിക്കാൻ സെലക്ടർമാർ തയ്യാറായില്ല. പകരം യുവ ഓപ്പണർ റുതുരാജ് ഗെയിക്ക്വാദിനെയായിരുന്നു ബിസിസിഐ ഏഷ്യൻ ഗെയിംസ് ടീമിന്റെ നായകനായി തെരഞ്ഞെടുത്തത്.
ഇപ്പോളിതാ ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് മൂന്ന് മാസം കഴിയുമ്പോൾ അന്ന് ടീമിൽ നിന്ന് തഴയപ്പെട്ടതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശിഖർ ധവാൻ. അന്നത്തെ തഴയപ്പെടൽ വളരെയധികം ഞെട്ടിച്ചുവെന്നും എന്നാൽ തന്റെ കരിയറിന്റെ ഭാവിയുമായി ബന്ധപ്പെട്ട് സെലക്ടർമാരോട് സംസാരിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ധവാൻ വെളിപ്പെടുത്തി.
” ഏഷ്യൻ ഗെയിംസ് ടീമിൽ എന്റെ പേര് ഇല്ലാതെ വന്നത് ഞെട്ടിച്ചു. എന്നാൽ അവരുടെ (സെലക്ടർമാരുടെ) ചിന്താരീതി വേറെ തരത്തിലാകുമെന്നും അതിനെ അംഗീകരിച്ചേ മതിയാകൂവെന്നും ഞാൻ ചിന്തിച്ചു. ഭാവി കാര്യത്തിൽ ഞാൻ ഒരു സെലക്ടറോടും ഒന്നും സംസാരിച്ചില്ല. ഞാൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയി. അവിടെ എന്റെ സമയം ചെലവഴിച്ചു, അവിടുത്തെ സൗകര്യങ്ങൾ വളരെ മികച്ചതായിരുന്നു. എൻസിഎ എന്റെ കരിയറിനെ രൂപപ്പെടുത്തി, എനിക്കതിന് നന്ദിയുണ്ട്.” ധവാൻ പറഞ്ഞു നിർത്തി.
നേരത്തെ 2022 ലെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു ശിഖർ ധവാൻ അവസാനം ഇന്ത്യയ്ക്കായി കളിച്ചത്. ശുഭ്മാൻ ഗിൽ മികച്ച ഫോമിൽ കളിക്കാൻ തുടങ്ങിയതും, ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇഷാൻ ഇരട്ടസെഞ്ചുറി നേടിയതും ധവാനെ ടീമിൽ നിന്ന് പുറത്താക്കി. പിന്നീട് ഒരിക്കലും ടീമിന്റെ പരിഗണനയിൽപ്പോലും ധവാൻ വന്നില്ല.
2021 ലാണ് ധവാൻ അവസാനം അന്താരാഷ്ട്ര ടി20 കളിച്ചത്. 2021 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് തഴയപ്പെട്ട ധവാൻ ഇതിന് ശേഷം ടീമിലേക്ക് എത്തിയിട്ടില്ല. 2018 മുതൽ ടെസ്റ്റ് ടീമിൽ നിന്നും പുറത്താണ് ഈ ഇടം കൈയ്യൻ ഓപ്പണർ. നിലവിൽ ഐപിഎല്ലിൽ മാത്രമാണ് ഇന്ത്യയുടെ ഈ സീനിയർ താരം കളിക്കുന്നത്.