കന്നിക്കിരീടം എന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി (Kerala Blasters FC) സ്വപ്നം 2023 – 2024 സീസണിലും പൂവണിയില്ലേ? ഇന്ത്യൻ സൂപ്പർ കപ്പ് ( കലിംഗ സൂപ്പർ കപ്പ് ) ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ രണ്ടാം മത്സരത്തിൽ ജംഷഡ്പുർ എഫ് സിക്ക് മുന്നിൽ 3 – 2 ന്റെ തോൽവിയോടെ സെമി ഫൈനൽ സാധ്യത അവസാനിച്ചതോടെയാണ് ഈ ചോദ്യം ഉയർന്നിരിക്കുന്നത്. സൂപ്പർ കപ്പിൽ സെമിയിൽ പ്രവേശിക്കാമെന്നും തുടർന്ന് ഫൈനലിലെത്തി കപ്പ് സ്വന്തമാക്കാമെന്നുമുള്ള കൊമ്പന്മാരുടെ സ്വപ്നം കൊമ്പുകുത്തി.
ഗ്രൂപ്പ് ബി യിൽ രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ജംഷഡ്പുർ എഫ് സി രണ്ട് ജയത്തോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റാണ്. ഇത്രയും പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയാണ് മൂന്നാമത്. ഗ്രൂപ്പിലെ മറ്റൊരു ടീമായ ഷില്ലോംഗ് ലാജോംഗ് രണ്ട് മത്സരവും തോറ്റ് ഇതിനോടകം പുറത്തായി കഴിഞ്ഞു.
ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനൽ സ്വപ്നവും ഇതോടെ അവസാനിച്ചു. ജംഷഡ്പുർ എഫ് സി ഗ്രൂപ്പിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഷില്ലോംഗ് ലാജോംഗിനോട് പരാജയപ്പെടുകയും അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചാലും കേരള ക്ലബ്ബിന് സെമി ഫൈനലിൽ പ്രവേശിക്കാൻ സാധിക്കില്ല.
സൂപ്പർ കപ്പിൽ പോയിന്റ്, നേർക്കു നേർ പോയിന്റ്, നേർക്കുനേർ ഗോൾ വ്യത്യാസം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഗ്രൂപ്പ് ചാമ്പ്യനെ നിശ്ചയിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ജംഷഡ്പുർ എഫ് സി അടുത്ത മത്സരത്തിൽ പരാജയപ്പെടുകയും ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ചെയ്താൽ ഇരു ടീമിനും ആറ് പോയിന്റ് വീതമാകും. എന്നാൽ, നേർക്കു നേർ പോരാട്ടത്തിൽ ജംഷഡ്പുർ എഫ് സി 3 – 2 ന് ജയിച്ചതിന്റെ ആനുകൂല്യം അവർക്ക് ലഭിക്കും. ഫലത്തിൽ ഗ്രൂപ്പ് ബി യിൽ നിന്ന് ജംഷഡ്പുർ എഫ് സി സെമി ഫൈനലിലേക്ക് മുന്നേറി.
അതേ സമയം സൂപ്പർ കപ്പ് ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ സെമി ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ഈ ചരിത്രം 2024 സീസണിലും അവശേഷിക്കും. 2023 – 2024 ഇന്ത്യൻ സൂപ്പർ ലീഗിലുള്ള രണ്ട് ട്രോഫികളിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും സ്വന്തമാക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ലക്ഷ്യം. ഐ എസ് എൽ സീസണിൽ 12 മത്സരങ്ങളിൽ എട്ട് ജയം, രണ്ട് സമനില, രണ്ട് തോൽവി എന്നിങ്ങനെയുള്ള പ്രകടനവുമായി 26 പോയിന്റ് സ്വന്തമാക്കി നിലവിൽ ഒന്നാം സ്ഥാനത്താണ് കൊച്ചി ക്ലബ്.
ലീഗ് ഷീൽഡ്, ലീഗ് ചാമ്പ്യൻഷിപ്പ് എന്നിങ്ങനെ രണ്ട് ട്രോഫികളാണ് ഐ എസ് എൽ സീസണിൽ ഉള്ളത്. ബ്ലാസ്റ്റേഴ്സ് സ്വപ്നം എത്രമാത്രം ഫലപ്രദമാകും എന്നതും കണ്ടറിയണം. കാരണം, ഐ എസ് എൽ സീസണിൽ ഒമ്പത് പോയിന്റുമായി 10 -ാം സ്ഥാനത്തുള്ള ജംഷഡ്പുർ എഫ് സിക്ക് എതിരേ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രകടനം മുന്നിൽ ഉള്ളപ്പോൾ.
ഡിഫെൻസിലേക്ക് കൂടുതൽ താരങ്ങളെ എത്തിച്ചു എന്നതായിരുന്നു 2023 – 2024 സീസണിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ പോസറ്റീവ് ആയി ആരാധകർ കണ്ടത്. എന്നാൽ, ജംഷഡ്പുർ എഫ് സിയുടെ ആക്രമണത്തിൽ പ്രതിരോധനിര ആടിയുലയുന്നതാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ കണ്ടത്.