പോര്‍ച്ചുഗല്‍ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് അദ്ദേഹത്തിനൊപ്പം കളിച്ചവര്‍ ആരും തന്നെ മോശമായി സംസാരിക്കാറില്ല. അത്രയ്ക്ക് മികച്ച ഇടപെടല്‍ നടത്തുന്നയാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് ഫുട്ബോൾ ലോകം എന്നും പറയാറുള്ളത്. ഇപ്പോഴിതാ സി ആര്‍ 7നെ വാനോളം പുകഴ്ത്തി അദ്ദേഹത്തിന്റെ ഒരു മുന്‍ കളിക്കാരന്‍ രംഗത്തെത്തിയിരിക്കുകയാണ്.
“ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് എന്താണ് പറയേണ്ടത്… അദ്ദേഹം എന്നോട് ഏറ്റവും ദയയോടെയാണ് പെരുമാറിയിട്ടുള്ളത്. അദ്ദേഹത്തിനൊപ്പം കളിച്ചത് അതുല്യ നിമിഷങ്ങളായി ഞാന്‍ കരുതുന്നു” എന്നിങ്ങനെയാണ് ക്രിസ്റ്റ്യാനോയുടെ മുന്‍ സഹതാരത്തിന്റെ വാക്കുകള്‍.
2011 – 2012 സീസണ്‍ മുതല്‍ സ്പാനിഷ് ലാലിഗ ക്ലബ്ബായ റയല്‍ മാഡ്രിഡിനു വേണ്ടി കളിക്കുന്ന സെന്റര്‍ ബാക്ക് താരമായ നാച്ചൊ ആണ് ക്രിസ്റ്റ്യാനോയെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. 117 മത്സരങ്ങളില്‍ സി ആര്‍ 7 ന് ഒപ്പം നാച്ചൊ റയല്‍ മാഡ്രിഡ് ജഴ്‌സിയില്‍ ഇറങ്ങിയിട്ടുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള കിരീടങ്ങളും ഇവര്‍ ഒന്നിച്ച് റയല്‍ മാഡ്രിഡിനു വേണ്ടി കരസ്ഥമാക്കി.
സൗദി പ്രോ ലീഗിനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എങ്ങനെയാണ് പരിപോഷിച്ചതെന്നും നാച്ചൊ പറഞ്ഞു. അഞ്ച് തവണ ലോക ഫുട്‌ബോളറിനുള്ള ബാലൺ ഡി ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2023 ജനുവരി ഒന്നിനാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ് സിയില്‍ എത്തിയത്. തുടര്‍ന്ന് നെയ്മര്‍, കരിം ബെന്‍സെമ, സാദിയൊ മാനെ അടക്കമുള്ള ഒരു പറ്റം മുന്‍നിര കളിക്കാര്‍ സൗദി പ്രോ ലീഗിലെ വിവിധ ക്ലബ്ബുകളിലേക്ക് എത്തി.
“സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ നടത്തിയ സ്വാധീനം വലുതാണ്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ വളരെ അധികം കളിക്കാര്‍ ഇവിടേയ്ക്ക് (സൗദി) എത്തി. ഫുട്‌ബോളില്‍ സൗദി അറേബ്യ വളരെ അധികം മുന്നേറ്റം കൈവരിച്ചു. എല്ലാ ഭാവുകങ്ങളും ഈ രാജ്യത്തിനു നേരുന്നു,” നാച്ചൊ പറഞ്ഞു.
33 കാരനായ സ്പാനിഷ് താരം സൂപ്പര്‍ കോപ്പ പോരാട്ടത്തിനായി സൗദി അറേബ്യയിലാണ്. ഫൈനലില്‍ ചിര വൈരികളായ എഫ് സി ബാഴ്‌സലോണയാണ് റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. 2022 – 2023 സൂപ്പര്‍ കോപ്പ ഫൈനലില്‍ റയലിനെ കീഴടക്കി ബാഴ്‌സലോണ ചാമ്പ്യന്മാരായിരുന്നു. 2023 – 2024 സീസണില്‍ അരങ്ങേറുന്ന രണ്ടാമത് എല്‍ ക്ലാസിക്കൊയാണ് സൂപ്പര്‍ കോപ്പ ഫൈനല്‍. ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അല്‍ നസര്‍ എഫ് സിയുടെ തട്ടകത്തിലാണ് സൂപ്പര്‍ കോപ്പ ഫൈനല്‍.
റയല്‍ മാഡ്രിഡ് ബി ടീമിലൂടെയാണ് നാച്ചൊ സീനിയര്‍ ടീമിലേക്ക് എത്തിയത്. റയല്‍ മാഡ്രിഡിനായി 339 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. 16 ഗോളിനും ഉടമയായി. രാജ്യാന്തര ഫുട്‌ബോളില്‍ 2013 മുതല്‍ സ്‌പെയിനിനായി പന്ത് തട്ടുന്ന നാച്ചൊ 24 മത്സരങ്ങളില്‍ ഒരു ഗോള്‍ നേടി. സൗദി പ്രോ ലീഗില്‍ ഫെബ്രുവരി വരെ നിലവില്‍ ഇടവേളയാണ്.
2023 – 2024 സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളും ഏറ്റവും കൂടുതല്‍ അസിസ്റ്റും സി ആര്‍ 7 ആണ് നടത്തിയത്. 18 മത്സരങ്ങളില്‍ 20 ഗോളും ഒമ്പത് അസിസ്റ്റും റൊണാള്‍ഡോയ്ക്ക് ഉണ്ട്. ഫെബ്രുവരി ഒന്നിന് ലയണല്‍ മെസിയുടെ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുമായി സൗഹൃദ പോരാട്ടം നടക്കും.