ജിദ്ദ: ജിദ്ദയില്‍ ആരംഭിച്ച ‘ലിറ്റില്‍ ഏഷ്യ’ ആഘോഷത്തിന്റെ ഭാഗമായുള്ള ജാപ്പനീസ് സകുറ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം നല്‍കുന്നു. ജപ്പാന്റെ സംസ്‌കാരത്തിലെ സൗന്ദര്യത്തെ പ്രതീകപ്പെടുത്തുന്ന ജാപ്പനീസ് സകുറ, ചെറി പുഷ്പങ്ങളുടെ അതിശയകരമായ കാഴ്ചകള്‍ സന്ദര്‍ശകരുടെ മനംകവരുന്നു.
ജിദ്ദ ഇവന്റ് കലണ്ടര്‍ 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച ലിറ്റില്‍ ഏഷ്യ എന്റര്‍ടെയിന്‍മെന്റ് സോണിലെ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞ നവംബര്‍ 30നാണ് ആരംഭിച്ചത്. മാര്‍ച്ച് രണ്ട് വരെയാണ് പ്രവേശനം. ജപ്പാന് പുറമേ തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, വിയറ്റ്നാം, സിംഗപ്പൂര്‍, ചൈന എന്നിവയുള്‍പ്പെടെ എട്ട് ഏഷ്യന്‍ രാജ്യങ്ങളെ അടുത്തറിയാനുള്ള അവസരംകൂടിയാണിത്.
സകുറ ഗാര്‍ഡനില്‍ മനോഹരമായ പൂന്തോട്ടത്തിനു പുറമേ ജനപ്രിയ ജാപ്പനീസ് കളിപ്പാട്ടങ്ങളും ചരക്ക് കടകളും ജാപ്പനീസ് ഭക്ഷണം വിളമ്പുന്ന അറബ് റെസ്റ്റോറന്റുകളുമുണ്ട്. എട്ട് ഏഷ്യന്‍ രാജ്യങ്ങളിലെ ഭക്ഷ്യവൈവിധ്യവും സംസ്‌കാരവും ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ അടുത്തറിയാന്‍ ഇവിടെയത്തുന്നവര്‍ക്ക് സാധിക്കും. വിവിധയിനം കളിപ്പാട്ടങ്ങള്‍ വാങ്ങാനും സൗദി കലകളായ അര്‍ദയടക്കം നിരവധി സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാനും അവസരമൊരുക്കുന്നു.
വൈറ്റ് ബീച്ച് എന്ന പേരില്‍ വെളുത്ത മണല്‍ വിരിച്ച തീരമായാണ് പ്രദേശം സജ്ജീകരിച്ചിരിക്കുന്നത്. ഏഷ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ആനകള്‍ ഇവിടെയത്തുന്ന കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ആനയെ തൊട്ടടുത്ത് നിന്ന് കാണാനും ഭക്ഷണം നല്‍കാനുമെല്ലാം അവസരമുണ്ട്. ഇത്രയധികം ആനകളെ ഒന്നിച്ച് അണിനിരത്തുന്ന പരിപാടി സൗദിയില്‍ ആദ്യമാണെന്ന് സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ആനക്കുളി വീക്ഷിക്കുന്നതോടൊപ്പം ആനയെ പരിപാലിക്കുന്ന രീതികളും അതിന്റെ സവിശേഷതകളും ജീവനക്കാരോട് ചോദിച്ച് മനസിലാക്കാനും സാധിക്കും.
ഓരോദിവസവും നിരവധി പേരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബങ്ങള്‍ക്കൊപ്പം സമയംചെലവഴിക്കാനുള്ള മനോഹരമായ ഇടമായി കൂടിയാണ് 12 മേഖലകള്‍ സജ്ജീകരിച്ചിട്ടുള്ളത്.
ഞായര്‍ മുതല്‍ വ്യാഴം വരെ 35 റിയാലും വെള്ളി, ശനി ദിവസങ്ങളില്‍ 55 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചുവയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ശനി മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 12 വരെയും വ്യാഴം വെള്ളി ദിവസങ്ങളില്‍ നാലു മുതല്‍ ഒരു മണിവരെയും ആണ് പ്രവേശനം. ലിറ്റില്‍ ഏഷ്യ ജിദ്ദ ടിക്കറ്റുകള്‍ saudievents.sa വെബ്‌സൈറ്റില്‍ ലഭ്യമാണ്.