2030 ആകുമ്പോഴേക്കും ഒരു ട്രില്യൺ ഡോളറിന്റെ (ഏകദേശം 83 ലക്ഷം കോടി രൂപ) മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (ജിഡിപി) സാമ്പത്തിക ശക്തിയായി തമിഴ്നാടിനെ വളർത്തുന്നതിനുള്ള ശ്രമങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ചെന്നൈയിൽ ഇന്നു ആരംഭിച്ച ആഗോള നിക്ഷേപക സംഗമത്തിൽ, ഇന്ത്യയിലേയും വിദേശത്തേയും നിരവധി കോർപറേറ്റ് കമ്പനികൾ, ശതകോടികളുടെ നിക്ഷേപം തമിഴ്നാടിന് വാഗ്ദാനം ചെയ്തുരംഗത്തെത്തി.
റിലയൻസ് ഗ്രൂപ്പ്
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 25,000 കോടിയുടെ നിക്ഷേപത്തിനാണ് തയ്യാറായിരിക്കുന്നത്. റിലയൻസിന്റെ റീട്ടെയിൽ വിഭാഗം തമിഴ്നാട്ടിൽ 1,300 സ്റ്റോറുകൾ തുറക്കാനാണ് പദ്ധതിയിടുന്നത്. കൂടാതെ റിലയൻസ് ജിയോ 3.5 കോടി ഉപഭോക്താക്കൾക്കു വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന 35,000 കോടിയുടെ വികസന പദ്ധതികളും അദ്ദേഹം എടുത്തുകാട്ടി. തമിഴ്നാടിന് ഒരു ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയായി മാറാൻ സാധിക്കുമെന്ന ആത്മവിശ്വാസവും മുകേഷ് അംബാനി നിക്ഷേപ സംഗമത്തിൽ പങ്കുവെച്ചു.
ടാറ്റ ഗ്രൂപ്പ്
കൃഷ്ണഗിരി ജില്ലയിൽ മൊബൈൽ ഫോൺ നിർമാണ കേന്ദ്രവും അസംബ്ലിങ് യൂണിറ്റും ആരംഭിക്കുന്നതിനായി 12,082 കോടി രൂപ നിക്ഷേപിക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ ഇലക്ട്രോണിക്സ് പ്രഖ്യാപിച്ചു. ഈ മെഗാ പദ്ധതിയിലൂടെ 40,500 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജിൻഡാൽ ഗ്രൂപ്പ്
ജിൻഡാൽ ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്ഡബ്ല്യു എനർജി തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ പദ്ധതികൾ കൂടുതൽ വിപുലമാക്കുന്നതിനു വേണ്ടി 10,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് തമിഴ്നാട് നിക്ഷേപ സംഗമത്തിൽ അറിയിച്ചു. ഈ വികസന പദ്ധതികളിലൂടെ ഏകദേശം 6,600 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ടിവിഎസ് ഗ്രൂപ്പ്
ഓട്ടമൊബീൽ, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലേക്കായി പ്രമുഖ വ്യവസായ സംരംഭകരായ ടിവിഎസ് ഗ്രൂപ്പ് 5,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ തമിഴ്നാട്ടിൽ നടപ്പാക്കുമെന്ന് വ്യക്തമാക്കി.
വിദേശ കമ്പനികൾ
ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് രണ്ട് ദിവസത്തെ തമിഴ്നാട് ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക് വാഹനങ്ങളുടെ ബാറ്ററിയും ഇലക്ട്രോണിക് വാഹനങ്ങളും നിർമിക്കുന്നതിനായി കാഞ്ചീപുരത്ത് നിർമാണകേന്ദ്രം ആരംഭിക്കാൻ ഹ്യുണ്ടായ് തമിഴ്നാട് സർക്കാരുമായി ധാരണയിലെത്തി.
ആഗോള ടെക് കമ്പനിയായ ആപ്പിളിനു വേണ്ടി ഇലക്ട്രോണിക് ഉത്പന്നങ്ങളും മൊബൈൽ ഫോണുകളും നിർമിക്കുന്ന പെഗാട്രോൺ, ചെങ്കൽപ്പേട്ട് ജില്ലയിൽ 1,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ 8,000ത്തോളം തൊഴിൽ ലഭിക്കുമെന്നാണ് കരുതുന്നത്. നിക്ഷേപ സംഗമത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് ആരംഭിച്ച ആഗോള സെമികണ്ടക്ടർ കമ്പനി ക്വാൽക്കോമിന്റെ പുതിയ ഡിസൈനിങ് കേന്ദ്രം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്ഘാടനം ചെയ്തു.